മുംബൈ: അടുത്ത മാസം പന്ത്രണ്ടിന് ദാക്കയില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും വീരേന്ദര്‍ സേവാഗിനും സഹീര്‍ഖാനും ഉമേഷ് യാദവിനും ടീമില്‍ ഇടംനേടാന്‍ കഴിഞ്ഞില്ല.

ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ മികച്ച ഫോം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതിനാലാണ് സെവാഗിനും ഉമേഷ് യാദവിനും ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ അഞ്ച് ഇന്നിംഗ്‌സുകളിലായി  65 റണ്‍്‌സ് മാത്രമാണ് സെവാഗിന് നേടാനായത്.

യൂസഫ് പത്താനേയും ബംഗാള്‍ ഫാസ്റ്റ് ബൗളര്‍ അശോക് ദിന്‍തയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ടീമില്‍ ഇടം കണ്ടെത്താനാവാതിരുന്ന താരമാണ് സഹീര്‍ഖാന്‍. സഹീര്‍ഖാന്റെ സ്ഥാനത്തേക്കാണ് അശോക് ദിന്‍തയെ പരിഗണിച്ചത്.അഞ്ച് ഏകദിന മത്സരങ്ങളിലും മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളിലും ദിന്‍ത കളിച്ചിട്ടുണ്ട്.

മാര്‍ച്ച് 13 ന് തുടക്കമിടുന്ന ഏഷ്യാകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെയാണ് നേരിടേണ്ടത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ പാക്കിസ്ഥാനും ബംഗ്ലാദേശുമാണ് എതിരാളികള്‍. മാര്‍ച്ച് 12 മുതല്‍ 22 വരെയാണ് മത്സരം നടക്കുന്നത്.

ടീം ഇന്ത്യ: എം.എസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ് ലി, ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, പ്രവീണ്‍ കുമാര്‍, വിനയ് കുമാര്‍, രാഹുല്‍ ശര്‍മ, യൂസഫ് പത്താന്‍ ഇര്‍ഫാന്‍ പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, അശോക് ദിന്‍ത.

Malayalam News

Kerala News In English