മുംബൈ: പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ദയനീയ പരാജയം നേരിടേണ്ടി വന്ന ഇന്ത്യന്‍ ടീമിനെ രക്ഷിക്കാന്‍ സേവാഗിനെ ടീമിലുള്‍പ്പെടുത്തുന്നു. അവസാന രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീമിന് കരുത്തായി ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഇംഗ്ലണ്ടിലേക്ക് പറക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യയെ പല പ്രതിസന്ധി ഘട്ടങ്ങളിലും രക്ഷിച്ച വീരേന്ദര്‍ സെവാഗിന് കഴിഞ്ഞ വര്‍ഷത്തെ വെസ്റ്റ്ഇന്‍ഡീസ് പര്യടനവും ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റുകളും തോളിലെ ശസ്ത്രക്രിയ മൂലം നഷ്ടമായിരുന്നു. ഓഗസ്റ്റ് 5 മുതല്‍ ആരംഭിക്കുന്ന എഡ്്ഗബാസ്റ്റണ്‍, ഓവല്‍ ടെസ്റ്റുകള്‍ക്ക് മുന്‍പ് നോര്‍ത്തണ്‍ഷെയറിലെ രണ്ട് ദിവസത്തെ കളിയില്‍ സെവാഗിന്റെ ഫിറ്റ്‌നസ് നിരീക്ഷിക്കും.

സെവാഗിന്റെ തിരിച്ചു വരവ് തോല്‍വിയില്‍ തളര്‍ന്നുപോയ ഇന്ത്യന്‍ ടീമിന് ആശ്വാസമാവുമെന്നാണ് പ്രതീക്ഷ. സന്ദര്‍ശകര്‍ക്ക് 196 റണ്‍സിനാണ് ആദ്യ ടെസ്റ്റ് നഷ്ടമായത്. ഒന്നാം റാങ്കുകാര്‍ എന്ന വിശേഷണം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ ബാക്കിയുള്ള രണ്ടു ടെസ്റ്റും ഇന്ത്യക്ക് വിജയിച്ചേ തീരൂ. സെവാഗിന്റെ ഓപ്പണിംഗ് കൂട്ടായ ഗൗതം ഗംഭീറിന് കൈമുട്ടിനേറ്റ പരുക്ക് കാരണം രണ്ടാം ടെസ്റ്റ് നഷ്ടപ്പെട്ടിരുന്നു. 87 ടെസ്റ്റുകളില്‍ നിന്നായി 7,694 റണ്‍സ് സെവാഗ് നേടിയിട്ടുണ്ട്.