Administrator
Administrator
സെവാഗോ കോഹ് ലിയോ ടെസ്റ്റ് ക്യാപ്റ്റനാകണം: അസറുദ്ദീന്‍ സംസാരിക്കുന്നു….
Administrator
Friday 3rd February 2012 4:48pm

ക്രിക്കറ്റ് ജീവിതം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നെങ്കിലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസറുദ്ദീന്‍ ക്രിക്കറ്റിനെ ഇന്നും ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട്. ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ഒരു ചുവടുമാറ്റം നടത്തിയെങ്കിലും ക്രിക്കറ്റിനോടുള്ള പ്രണയം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു അദ്ദേഹം. ക്രിക്കറ്റിനെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും അസ്ഹറുദ്ദീന്‍ മനസ്സുതുറക്കുന്നു.

1. ക്രിക്കറ്റിനോട് വിടപറഞ്ഞതിനുശേഷം കഴിഞ്ഞ നാലു വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമാണല്ലോ..ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നു?

കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായെന്നു പറയാന്‍ പറ്റില്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി ആളുകളുമായി ഇടപെടേണ്ടി വരും.ക്രിക്കറ്റില്‍ ആയിരിക്കുമ്പോള്‍ നമ്മള്‍ മുഴുവന്‍ സമയവും അതിനായി തന്നെ ചിലവഴിക്കേണ്ടതായി വരും. മറ്റൊന്നിലേക്കും നമ്മുടെ ശ്രദ്ധ പോകില്ല. എന്നാല്‍ ഇപ്പോള്‍ മീറ്റിംഗും മറ്റുമായി  തിരക്കുതന്നെയാണ്. വ്യത്യസ്ത സാഹചര്യത്തില്‍ ജീവിക്കുന്ന ആളുകളെ കാണാനും അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിയുന്നു. അത് തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയാണ്. ഇതെല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്.
2. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനു ശേഷം രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ എന്ത് ചെയ്യുമായിരുന്നു?

തീര്‍ച്ചയായും ഞാന്‍ എന്റെ ജിം ബിസിനസ്സുമായി മുന്നോട്ടു പോയേനെ. എന്നാല്‍ ഈ രാഷ്ട്രീയം ഒരു മുഴുനീള ജോലിയാണ്. ഇപ്പോള്‍ മറ്റൊന്നിനും സമയം കിട്ടാറില്ലെന്നതാണ് സത്യം.

3. ഇപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പോള്‍ ക്യാമ്പയിനുകള്‍ക്കായി ബോളിവുഡ് താരങ്ങളെയാണ് കൊണ്ടുവരുന്നത്. അതിനെ എങ്ങനെ കാണുന്നു?

ലോകം മാറിക്കൊണ്ടിരിക്കുകയാണ്. പത്തുവര്‍ഷം മുന്‍പുള്ള ഇലക്ഷന്‍ ക്യാമ്പയിന്‍ തന്നെ ഇപ്പോഴും വേണമെന്ന് പറയാന്‍ കഴിയില്ല. ആളുകള്‍ മാറ്റങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. പുതുമയെ ആകര്‍ഷിക്കുന്നവരാണ് ലോകത്തെ എല്ലാവരും. പിന്നെ വോട്ടേഴ്‌സിനെ ആകര്‍ഷിക്കുന്ന കാര്യങ്ങള്‍ ചെയ്യാനല്ലേ രാഷ്ട്രീയ പാര്‍്ട്ടികള്‍ ശ്രമിക്കുള്ളൂ. പക്ഷേ എന്തുതന്നെയായാലും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചാലേ അവര്‍ കൂടെ നില്‍ക്കുകയുള്ളൂ.

4. അപ്രതീക്ഷിതമായാണ് മകന്‍ ജീവിതത്തില്‍ നിന്നും വിട്ടുപോയത്. ആ സാഹചര്യത്തെ എങ്ങനെ അതിജീവിച്ചു?

അത് അത്ര എളുപ്പമായിരുന്നില്ല. അവന്‍ ഞങ്ങളെ വിട്ടുപോയെങ്കിലും അത് ഇതുവരെ വിശ്വസിക്കാനോ അംഗീകരിക്കാനോ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അവന്റെ ഓര്‍മ്മകള്‍ ഒരിക്കലും എന്നില്‍ നിന്നും മായില്ല. ഇങ്ങനെയൊരു അവസ്ഥ ഒരു രക്ഷിതാക്കള്‍ക്കും ഉണ്ടാവരുതെന്നാണ് എന്റെ പ്രാര്‍ത്ഥന. പക്ഷേ ജീവിതമാകുമ്പോള്‍ ഇത്തരം പ്രതിസ്ന്ധികളൊക്കെ നേരിടേണ്ടതായി വരും. അതെല്ലാം നേരിടാനുള്ള കഴിവ് ഉണ്ടാവുകയെന്നതാണ് പ്രധാനം. ആ സാഹചര്യമൊക്കെ നേരിടാനുള്ള കഴിവ് തന്നതിന് അള്ളാഹുവിനോട് നന്ദി പറയുന്നു. ആളുകള്‍ പറയും. എല്ലാം മറക്കാന്‍. പക്ഷേ എന്റെ മകന്‍ ഇപ്പോഴും എന്റെ മനസ്സില്‍ ജീവിക്കുന്നുണ്ട്. അവന്റെ ഓര്‍മ്മകളില്ലാത്തൊരു ജീവിതം ഉണ്ടാവില്ല.

5. യുവാക്കളുടെ ബൈക്കിനോടുള്ള താത്പര്യവും അമിത വേഗതയുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. യുവാക്കള്‍ക്കിടയിലെ ഇത്തരം ക്രേസുകളെ കുറിച്ച് എന്താണ് പറയാനുള്ളത്?

ഒരു രക്ഷിതാക്കളും തന്റെ മക്കള്‍ക്ക് അപകടം പറ്റണം എന്നു കരുതി ഒന്നും ചെയ്യില്ല. അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും ആഗ്രഹിക്കുന്നവരാണ് പല രക്ഷിതാക്കളും. കുഞ്ഞുങ്ങള്‍ സന്തോഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. പിന്നെ അവരുടെ വിധിയ്ക്കനുസരിച്ചേ കാര്യങ്ങള്‍ വരുള്ളു. എന്റെ മകന്റെ വിധി അതായിരിക്കാം. ഞാന്‍ അങ്ങനെ സമാധാനിക്കാനാണ് ആഗ്രഹിക്കുന്നത്.

6. ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയ്ക്ക കാരണം ടീമിലെ മുതിര്‍ന്ന താരങ്ങളാണെന്നും അല്ലെന്നും ഒക്കെയുള്ള പരാതിയുണ്ട്. എങ്ങനെയാണ് ഇതിനെ കാണുന്നത്.?

എന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ടീമിലെ ഓരോരുത്തരും നല്ല കഴിവുള്ള താരങ്ങള്‍ തന്നെയാണെന്നാണ്. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ നന്നായി തന്നെ കളിക്കുന്നവരാണ്. എന്നാല്‍ ചില സമയങ്ങളില്‍ പുതിയ കളിക്കാര്‍ക്ക് അവസരങ്ങള്‍ കൊടുക്കേണ്ടതായി വരും. ഓസ്‌ട്രേലിയയുമായി അവസാന ടെസ്റ്റ് മത്സരവും തോറ്റതിനു പിന്നിലും പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കാതിരുന്നത് കാരണമായിട്ടുണ്ടെന്നാണ് തോന്നുന്നത്. പിന്നെ ഇതെല്ലാം തീരുമാനിക്കുന്നത്. ക്രിക്കറ്റ് ബോര്‍ഡാണ്. മുതിര്‍ന്ന താരങ്ങള്‍ മാത്രം വിചാരിച്ചതുകൊണ്ട് യുവതാരങ്ങള്‍ക്ക് അവസരം കിട്ടിക്കോളണമെന്നില്ല.

7. ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാന്‍ തയ്യാറാണെന്ന് ക്യാപ്റ്റന്‍ ധോണി പ്രഖ്യാപിച്ചു കഴിഞ്ഞു. ആ തീരുമാനത്തെ ന്യായീകരിക്കുന്നുണ്ടോ?

ധോണി നല്ലൊരു ക്യാപ്റ്റനാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ടെസ്റ്റ് ക്രിക്കറ്റിലും വണ്‍ ഡെ മാച്ചിലും ഇന്ത്യയെ നല്ല നിലയില്‍ എത്തിക്കാന്‍ ധോണിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ നടന്ന മത്സരങ്ങളില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നത് സത്യമാണ്. എന്റെ അഭിപ്രായത്തില്‍ ടെസ്റ്റിലും വണ്‍ ഡെ മാച്ചിലും രണ്ട് ക്യാപ്റ്റന്‍മാര്‍ വേണമെന്നതാണ്. രണ്ടും ഒരാള്‍ തന്നെ ചെയ്യുമ്പോള്‍ അവര്‍ക്ക് മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയണമെന്നില്ല.

8. ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ആര് ഏറ്റെടുക്കണമെന്നാണ് അഭിപ്രായം?

ഒന്നുകില്‍ വീരേന്ദര്‍ സെവാഗ് അല്ലെങ്കില്‍ വിരാട് കോഹ് ലി. രണ്ടുപേരും മികച്ച താരങ്ങളാണ്. ക്യാപ്റ്റന്‍ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയുള്ള കളിക്കാരാണ്.

9. മറ്റു ക്രിക്കറ്റ് താരങ്ങളെ പോലെ ടി.വി ഷോ അവതരിപ്പിക്കാനൊക്കെ ആഗ്രഹമുണ്ടോ?
ടി.വി പ്രോഗ്രാമുകളില്‍ അവതാരകനാവുന്നതില്‍ എതിര്‍പ്പൊന്നും ഇല്ല.റിയാലിറ്റി ഷോകളൊക്കെ ചെയ്യാന്‍ എനിയ്ക്ക് ഇഷ്ടമാണ്. നല്ല അവസരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം.

Malayalam News

Kerala News In English

Advertisement