Administrator
Administrator
നന്ദനവും ശീടനും അഥവാ ആനയും അമ്പഴങ്ങയും
Administrator
Sunday 27th February 2011 5:10pm

സിനിമകളില്‍ കഥാക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് പറഞ്ഞാല്‍ തെറ്റാനിടയില്ല. പ്രത്യേകിച്ച് തമിഴ് സിനിമയില്‍. അതുകൊണ്ട് ഈ കാലഘട്ടത്തെ നമുക്ക് റിമേക്കുകളുടെ കാലം എന്ന് വിശേഷിപ്പിക്കാം. റീമേക്കുകളുടെ ശ്രേണിയില്‍ അവസാനം പുറത്തിറങ്ങിയത് ശീടന്‍, അല്ലെങ്കില്‍ തമിഴ് നന്ദനം.

തിരുട തിരുഡി, യോഗി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സുബ്രഹ്മണ്യ ശിവയുടെ പുതിയ ഉദ്യമമാണ് ശീടന്‍. ഭാഷയ്ക്ക് അനുയോജ്യമായ രീതിയില്‍ വെട്ടിയൊതുക്കി വയ്ക്കുകയാണെങ്കില്‍ റീമേക്ക് ചെയ്യുന്നതുകൊണ്ട് ഫലമുണ്ടാകും. എന്നാല്‍ ശീടന്റെ കാര്യത്തലില്‍ പകുതി വേവ് മാത്രമേ ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഒരു പച്ച ചുവ ചിത്രത്തിനുണ്ട്..

തമിഴില്‍ ഒരുപാട് സാധ്യതകളുണ്ടായിരുന്നിട്ടും അതിനെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞിട്ടില്ല. ഗുരുവായൂരിനെ ചുറ്റിപ്പറ്റി നടക്കുന്ന നന്ദനം ശീടനായപ്പോള്‍ പളനിയും മുരുകനും പ്രധാനതാരങ്ങളായി. പളനിയിലെ ഒരു ആഢ്യ സമ്പന്ന കുടുംബത്തിലെ അമൃതവേളി അമ്മ(ഷീല)യും വേലക്കാരികളുടെ ഒരു ബറ്റാലിയനും സസുഖം വാഴുന്നു. വേലക്കാരികളുടെ കൂട്ടത്തില്‍ യുവതിയും, സുന്ദരിയും, സല്‍സ്വഭാവിയുമായ മഹാലക്ഷ്മി( അനന്യ). ആ വിട്ടിലെ എല്ലാ കാര്യവും നോക്കുന്നത് മഹാലക്ഷ്മിയാണ്, പാചകം, വൃത്തിയാക്കല്‍, രോഗശ്രുശ്രൂഷ അങ്ങനെ എല്ലാം. പേര് മഹാലക്ഷ്മി എന്നാണെങ്കിലും ഭക്തി മുരുകനോടാണ്. മുരുകന്റെ ഭക്തലക്ഷങ്ങളില്‍ പഴനിയിലായിരുന്നിട്ടും മുരുകനെ കാണാന്‍ പോകാന്‍ കഴിയാത്ത ഹതഭാഗ്യ.

ഒരാളുടെ സമയം എങ്ങനെ വെയ്സ്റ്റാക്കാം അല്ലെങ്കില്‍ രണ്ടര മണിക്കൂര്‍ വരെ ക്ഷമ അതിര്‍ത്തിവിടാതെ എങ്ങനെ സൂക്ഷിക്കാം എന്ന് ഈ ചിത്രം കാണുന്നവര്‍ക്ക് പഠിക്കാം. ഒരു സുപ്രഭാതത്തില്‍ താന്‍ സുന്ദരനും സുശീലനുമായ ഒരാളെ വിവാഹം കഴിക്കുന്നതായി മഹാലക്ഷ്മി സ്വപ്‌നം കാണുന്നു. ജീവിതത്തില്‍ ഒരിക്കലും കാണുമെന്ന് പ്രതീക്ഷിക്കാത്ത അയാള്‍ ഒരുമഴയുള്ള രാത്രി അവള്‍ താമസിക്കുന്ന വീട്ടിലെത്തുന്നു.

അവന്‍ മനോ (ജയ് കൃഷ്ണ) അമൃത വല്ലിയുടെ കൊച്ചുമോന്‍. മഹാലക്ഷ്മിക്കും മനോവിനുമുള്ളില്‍ ആദ്യനോട്ടത്തില്‍ തന്നെ അനുരാഗം ജനിക്കുന്നു. പതിവു പോലെ പിറകേ പ്രശ്‌നങ്ങളും. മനോവിന്റെ അമ്മ തങ്കം (സുഹാസിനി)ഇതംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. ഈ സമയത്ത് അതുവരെ തിരശീലയ്ക്കു പിന്നിലായിരുന്ന അവന്‍ വരുന്നു. ശരവണ( ധനുഷ്) അതോടെ കഥ വഴിത്തിരിവിലെത്തുന്നു.

സസ്‌പെന്‍സ്, നാടകീയത, വൈകാരികത എന്നിവ ശരിയായ അളവില്‍ സമന്വയിപ്പിച്ച് ചെയ്യേണ്ടതാണ് ഈ ചിത്രം. മലയാളത്തില്‍ വളരെ ലാളിത്യത്തോടെ രഞ്ജിത് അത് ചെയ്തുകാട്ടിതന്നിട്ടുമുണ്ട്. എന്നാല്‍ തമിഴ് പതിപ്പ് കൈവിട്ടുപോയി. എല്ലാം അരോചകം, ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ ചെവിപൊത്താന്‍ തോന്നും. വികാരങ്ങളുടെ അതിപ്രസരം ഒരു വികാരവുമുണ്ടാക്കിയില്ല എന്നുവേണം പറയാന്‍.

മഹാലക്ഷ്മയുടെ കഥാപാത്രമാണ് കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. അനന്യയുടെ ശാലീന സൗന്ദര്യം കഥാപാത്രത്തിനിണങ്ങുന്നതാണ്. എന്നാല്‍ അനന്യ എന്ന നടിയുടെ സത്തയെ നിര്‍വീര്യമാക്കുന്ന ഡയലോഗുകളാണ് അവള്‍ പറയേണ്ടിവന്നത്. അവളുടെ കഥാപാത്രത്തെ തന്നെ ഡയലോഗുകള്‍ വധിച്ചുകളഞ്ഞു.

കഥയുടെ രണ്ടാം പകുതിയിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്. അതായത് സിനിമയുടെ ക്ലൈമാക്‌സിനടുപ്പിച്ച്. പിന്നെ മനുഷ്യ ദൈവമായി ഗുമ്മിഡി (വിവേക്) കുറച്ചുഭാഗത്ത് നിറഞ്ഞുനില്‍ക്കുന്നു. എങ്കിലും സിനിമ കൂപ്പുകുത്താതെ തടയാന്‍ അദ്ദേഹത്തിന്റെ വിപണനമൂല്യമുള്ള അഭിനയത്തിന് കഴിഞ്ഞു.

ജയ് കൃഷ്ണ കുട്ടിത്തം നിറഞ്ഞതും നിസഹായനുമായ ഭാവപ്രകടങ്ങളോടെ നിറഞ്ഞുനില്‍ക്കുന്നു. ഇവന്റെ എന്തുകണ്ടാണ് നായിക ആദ്യകാഴ്ചയില്‍ തന്നെ പ്രേമപരവശയായതെന്ന് ആരും ചിന്തിച്ചുപോകും. ഇതിനൊക്കെ മകുടം ചാര്‍ത്തുന്ന തരത്തിലുള്ള ഷീലയുടെ ഓവര്‍ ആക്ടിങ്ങും.

ശേഷിക്കുന്ന കുറച്ച് താരങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. പിന്നെ ധീനയുടെ സംഗീതം കുറച്ചുകാലം പോലും മനസില്‍ നില്‍ക്കില്ല. ക്ലൈമാക്‌സിലെ ഭക്തിഗാനം പോലും നമ്മള്‍ ഒരിക്കലും ഓര്‍ക്കില്ല. കേട്ടാല്‍ ധിധയ്ക്ക് ദീനമാണെന്ന് തോന്നിപ്പോകും. ശ്രീനിവാസന്റെ കേമറയുമായി ഒത്തുപോകാം. എന്നാല്‍ റാം സുദര്‍ശന്റെ എഡിറ്റിംങ് കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ട്.

ചുരുക്കിപ്പറയുകയാണെങ്കില്‍ കുറച്ചുകൂടി തിരക്കഥയ്ക്ക് അല്‍പം റിയലിസ്റ്റിക് ഭാഷ്യം കൊടുത്തിരുന്നെങ്കില്‍ ശീടന്‍ മികച്ചതായേനെ. ശിടന്‍ പ്രതീക്ഷകളെ തകര്‍ക്കുമ്പോള്‍ തുടക്കത്തില്‍ ചേര്‍ന്ന തമിഴ് നന്ദനം എന്ന വിശേഷണം മാറ്റേണ്ടതുണ്ടോ എന്ന ചിന്തയിലാണ്.

Advertisement