ന്യൂദല്‍ഹി: ദല്‍ഹിയില്‍ തെരുവില്‍ മാത്രമല്ല വീടുകളിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. 2011 ല്‍ രജിസ്റ്റര്‍ ചെയ്ത 1498 കേസുകളില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയത് ഭര്‍ത്താവോ ബന്ധുക്കളോ ആണ്.

Ads By Google

2010 ല്‍ 1273 ഉം 2009 ല്‍ 1177 ഉം കേസുകളുണ്ടായിരുന്ന സംസ്ഥാനത്താണിത്. രാജ്യത്തെ ആറ് മെട്രോ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം കുറവ് ചെന്നൈയിലാണ്. 2011 ല്‍ 229 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മുംബൈ-393, ബാംഗ്ലൂര്‍-458, കൊല്‍ക്കത്ത-557, ഹൈദരാബാദ്-1,355 എന്നിങ്ങനെയാണ് മറ്റ് മെട്രോ നഗരങ്ങളില്‍ രേഖപ്പെടുത്തിയ കേസുകള്‍. എല്ലാ മെട്രോ നഗരങ്ങളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേസുകള്‍ കൂടുതലാണ്.

അതിനിടെ ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജസ്റ്റിസ് ജെ.എസ് വര്‍മ കമ്മറ്റിയോട് ശുപാര്‍ശ ചെയ്തു.

സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രം നിയോഗിച്ച കമ്മറ്റിയാണിത്. ബലാത്സംഗം എന്ന വാക്കിന് പകരം ലൈംഗിക അതിക്രമം എന്ന വാക്ക് ഉപയോഗിക്കണമെന്ന് കമ്മറ്റിക്ക് നല്‍കിയ ശുപാര്‍ശയില്‍ ബി.ജെ.ഡി എം.പി ബൈ ജയന്ത് പാണ്ഡെ ആവശ്യപ്പെട്ടു.

അതേസമയം പൂവാലന്‍മാരെ തുരത്താനും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനുമായി പഞ്ചാബിലെ  ഏഴ് ജില്ലകളിലെ സ്‌കൂളുകളിലും കോളേജുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാന്‍ പോലീസ് തീരുമാനിച്ചു. പരാതിയുള്ള പെണ്‍കുട്ടികള്‍ക്ക് ഇതില്‍ പരാതി എഴുതിയിടാം.