കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. കഴിഞ്ഞ ദിവസം രാത്രി വിമാനം ഉയര്‍ന്നുപൊങ്ങുന്നത് കാണാനെത്തിയ വിദ്യാര്‍ത്ഥി റണ്‍വേയില്‍ ഓടിക്കയറിയത് വിമാനത്താവളത്തില്‍ ആശങ്ക പരത്തി. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫുകാരുടെ കണ്ണുവെട്ടിച്ചാണ് വിദ്യാര്‍ത്ഥി റണ്‍വേ പരിസരത്തേക്ക് കടന്നത്. അന്തിക്കാട് സ്വദേശി കിരണ്‍ ആണ് വിമാനം തൊടാനുള്ള കൗതുകത്തിന്റെ പേരില്‍ ണ്‍വേയിലേക്ക് അതിക്രമിച്ചു കയറിയത്. രാത്രി ഒറ്റയ്ക്ക് കിലോമീറ്ററോളം നടന്ന ശേഷം അഞ്ചാംനമ്പര്‍ ഗേറ്റിലൂടെയാണ് കിരണ്‍ റണ്‍വേയിലേക്ക് കടന്നത്.

വ്യാഴാഴ്ച രാത്രിയുണ്ടായ സുരക്ഷാ പാളിച്ച അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിമാനത്താവള ഡയറക്ടര്‍ ഏ.സി.കെ.നായര്‍ അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെയുണ്ടായ രണ്ടാമത്തെ സുരക്ഷാവീഴ്ചയാണിത്. ജൂണില്‍ സുരക്ഷാ പാളിച്ചയുണ്ടായപ്പോള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്ന് സി.ഐ.എസ്.എഫിനോട് ആവശ്യപ്പെട്ടിരുന്നെന്നും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സുരക്ഷാ വിഭാഗമുള്‍പ്പെടെ വിവിധ ഏജന്‍സികള്‍ക്ക് വിമാനത്താവള കമ്പനി ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ നാലാമത്തെ വിമാനത്താവളമായി ഉയര്‍ന്നിട്ടും ഇവിടെ സുരക്ഷാ പാളിച്ച ആവര്‍ത്തിക്കുന്നത് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനും ഗൗരവമായാണ് കാണുന്നത്. സുരക്ഷാ ഗേറ്റില്‍ ചുമതലയുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പെടെ ശക്തമായ നടപടികളും കൈക്കൊളളും.