എഡിറ്റര്‍
എഡിറ്റര്‍
ചാവേര്‍ ആക്രമണം: സൗദി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി
എഡിറ്റര്‍
Tuesday 6th January 2015 12:43pm

blast1റിയാദ്: ചാവേറാക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇറാഖ് അതിര്‍ത്തിയിലുള്ള അറാര്‍ നഗരത്തിനുചുറ്റും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. തിങ്കളാഴ്ച രാവിലെ ഇവിടെയുണ്ടായ ചാവേര്‍ ആക്രമണത്തിലും വെടിവെപ്പിലും മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.

വടക്കന്‍ പ്രവിശ്യയായ ബ്രിഗിലെ ബോര്‍ഡര്‍ ഗാര്‍ഡ് കമാന്‍ഡറും പട്ടാളക്കാരായ താരിഖ് മുഹമ്മദ് ഹലാവിയും അഹമ്മദ് നജ്മിയുമാണ് കൊല്ലപ്പെട്ടത്.

അററില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള അല്‍ സുവൈഫ് ജില്ലയില്‍ നാലു തീവ്രവാദികളാണ് ചാവേര്‍ ആക്രമണം നടത്തിയത്. നാലു തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വടക്കന്‍ പ്രവിശ്യാ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ ഫിഹൈദി പറഞ്ഞു.

കേണല്‍ സലിം താസന്‍ അല്‍ അന്‍സി, അഹമ്മദ് മുഖാരി എന്നിവര്‍ക്കാണ് പരിക്കേറ്റതന്നും അദ്ദേഹം പറഞ്ഞു.

ഇറാഖ് അതിര്‍ത്തിയിലുള്ള അല്‍ സുവൈഫിലൂടെ സൗദി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന നാലു തീവ്രവാദികളെ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു. സൈന്യം ഇവരെ തടഞ്ഞപ്പോള്‍ ഇവര്‍ വെടിവെപ്പ് ആരംഭിച്ചു. സൈന്യവും തിരിച്ചടിച്ചു. ആക്രമണത്തില്‍ തീവ്രവാദികളിലൊരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാളെ കീഴടക്കാന്‍ സൈന്യം ശ്രമിക്കുന്നതിനിടെ അയാളുടെ അരയിലുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

മറ്റു രണ്ടു തീവ്രവാദികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അറാര്‍ താഴ്‌വരയില്‍ സുരക്ഷാ സൈന്യം ഇവരെ വളയുകയും കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയും മറ്റെയാള്‍ സുരക്ഷാ സൈനികന്റെ വെടിയേറ്റു മരിക്കുകയുമായിരുന്നു.

ഇവരുടെ പക്കല്‍ ഓട്ടോമാറ്റിക് ഗണ്‍, പിസ്റ്റള്‍, ഗ്രനേഡുകള്‍, സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബെല്‍റ്റ്, കറന്‍സി നോട്ട് എന്നിവ കണ്ടെത്തിയിട്ടുണ്ട്.

പരുക്കേറ്റ സുരക്ഷാ സൈനികരെ റിയാദിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

Advertisement