എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികള്‍ക്ക് രഹസ്യവിചാരണ
എഡിറ്റര്‍
Monday 7th January 2013 3:04pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ക്ക് രഹസ്യവിചാരണ നടത്താന്‍ സാകേത് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

Ads By Google

പ്രതികളെ കാണാനായും മറ്റും കോടതിയില്‍ ആളുകള്‍ തിങ്ങിക്കൂടുന്നതും തിരക്കും ബഹളവും ഉണ്ടാകുന്നതും പരിഗണിച്ചാണ് കേസ്  രഹസ്യവിചാരണയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്.

കേസിലെ അഞ്ച് പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചിരുന്നു. ഉച്ചയ്ക്കു 12.30 ഓടെ മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തിരക്കുമൂലം കഴിഞ്ഞില്ല.

പിന്നീട് രണ്ട് മണിക്ക് ഹാജരാകാന്‍ നിശ്ചയിച്ചപ്പോഴും സമാന സാഹചര്യം ആവര്‍ത്തിച്ചു. ഇത്തരത്തില്‍ കോടതി നടപടികള്‍ തുടരുക സാധ്യമല്ലാത്തതിനാല്‍ അടച്ചിട്ട മുറിയില്‍ രഹസ്യവിചാരണ നടത്താന്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു. വിചാരണയുടെ വാര്‍ത്തകള്‍ അനുമതി ഇല്ലാതെ പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു.

പ്രതികളെ ജനക്കൂട്ടം ആക്രമിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്തു കോടതിയും പരിസരവും കനത്ത പൊലീസ് കാവലിലാണ്. തിഹാര്‍ ജയിലില്‍ നിന്നു ശക്തമായ സുരക്ഷയോടെയാണ് ഇവരെ കോടതിയെത്തിച്ചത്. ആറാം പ്രതിയെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പാകെ ഇന്നു ഹാജരാക്കും.

കേസിലെ ആറ് പ്രതികളില്‍ അഞ്ച് പേരെയാണ് സാകേതിലെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. രാംസിംഗ്, മുകേഷ്, വിനയ്, പവന്‍, അക്ഷയ് എന്നിവരാണ് കോടതിയില്‍ ഹാജരായത്.

കുറ്റം കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ മരണശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. മാനഭംഗം, കൊലപാതകം എന്നിവയ്ക്ക് പുറമെ തട്ടിക്കൊണ്ട് പോകല്‍, കവര്‍ച്ച, ഗൂഡാലോചന എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

അതിനിടെ  വിചാരണക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധവുമുണ്ടായി. പ്രതികള്‍ക്കായി അഭിഭാഷകന്‍ ഹാജരായതിനെച്ചൊല്ലി തര്‍ക്കമുണ്ടാകുകയായിരുന്നു. അഭിഭാഷകനെ വനിതാ അഭിഭാഷകര്‍ ചേര്‍ന്നു തടഞ്ഞുവെയ്ക്കുകയായിരുന്നു.

Advertisement