പുരാതനകാലത്തെ സപ്താദ്ഭുതങ്ങളിലൊന്നായ ഗിസയിലെ പിരമിഡിനെ കുറിച്ച് നേരത്തെയെഴുതിയ ലഘുവിവരണം കൂട്ടുകാര്‍ വായിച്ചിരിക്കുമല്ലോ..?ഇത്തരത്തിലുള്ള നിരവധി പിരമിഡുകള്‍ നൈല്‍ നദിയുടെ ഓരങ്ങളിലായി ഈജിപ്തിലിന്നും കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്നുണ്ട്.

ത്രികോണാകൃതിയില്‍ മാനത്തേക്ക് കൂര്‍ത്ത അഗ്രത്തോടെ നിലനില്‍ക്കുന്ന കൂറ്റന്‍ ശവകല്ലറകള്‍. ഈജിപ്തിനെ ഇന്നും ലോകപ്രശസ്തമാക്കുന്നത് ഏതാണ്ട് 4500 കൊല്ലങ്ങള്‍ക്ക് മുമ്പ് പണിത ഈ പിരമിഡുകളാണ്.

പുനര്‍ജന്മത്തില്‍ വിശ്വസിച്ചിരുന്ന ഈജിപ്തുകാര്‍ തങ്ങളുടെ രാജാവ് മരിച്ച് കഴിഞ്ഞാല്‍ അടക്കം ചെയ്തിരുന്ന ശവക്കല്ലറകളാണ് പിരമിഡുകള്‍. ഇങ്ങിനെ അടക്കം ചെയ്ത ശവശരീരങ്ങളെയാണ് മമ്മികള്‍ എന്ന് വിളിച്ചിരുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു കേടുകൂടം കൂടാതെ ഇരിക്കും ഈ ശവശരീരങ്ങള്‍.

ഇതിന് പിന്നിലെ രഹസ്യവും ചികഞ്ഞ് ഒരുപാട് തലപുകച്ചു ആധുനിക ശാസ്ത്രജ്ഞന്‍മാര്‍. ഒടുക്കം ശവശരീരം കേട്കൂടാതെ സൂക്ഷിക്കുന്ന ഇവരുടെ വിദ്യ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി.

പണക്കാര്‍ക്ക് മാത്രം പറ്റുന്ന വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ് ഇതിന് പിന്നില്‍. എഴുപത് ദിവസമെടുക്കുന്ന പ്രക്രിയയില്‍ ആദ്യം ഒരു കൊളുത്ത് വച്ച് തലച്ചോര്‍ മൂക്കിലൂടെ പുറത്തെടുക്കും. ആന്തരികാവയവങ്ങളില്‍ ഹൃദയവും വൃക്കയുമൊഴികെ ബാക്കിയുള്ളതും പുറത്തെടുക്കും.

ഒഴിഞ്ഞ ശവശരീരത്തിനുള്ളില്‍ ലിനന്‍ തുണികള്‍ കുത്തിനിറക്കും. പിന്നീട് ശവശരീരം സോഡിയം കാര്‍ബണേറ്റില്‍ ഉണക്കാന്‍ വയ്ക്കും. അതിന് ശേഷം ശരീരം അനേകം ലിനന്‍ ബാന്‍ഡേജ് വച്ച് പൊതിയും.

എന്നിട്ട് തടികൊണ്ടോ കല്ലുകൊണ്ടോ നിര്‍മ്മിച്ച ശവപ്പെട്ടിയിലാക്കും. ദീര്‍ഘചതുരത്തിലോ ശരീരത്തിന്റെ ആകൃതിയിലോ ഉള്ളതായിരിക്കും ഇത്തരത്തിലുള്ള ശവപ്പെട്ടികള്‍. ഇങ്ങിനെ സൂക്ഷിക്കുന്ന മൃതശരീരങ്ങളാണ് കാലത്തെ അതിജീവിച്ച് ഇപ്പോഴും കേട് കൂടാതെ ഇരിക്കുന്നത്.