എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി സ്‌ഫോടനക്കേസില്‍ കശ്മീരി യുവാക്കള്‍ നിരപരാധികളാണെന്ന് 2009ലേ പൊലീസ് അറിഞ്ഞിരുന്നു എന്നത് തെളിവ് പുറത്ത്: ഇതേക്കുറിച്ച് ഓര്‍മ്മയില്ലെന്ന് ചിദംബരം
എഡിറ്റര്‍
Saturday 25th February 2017 2:02pm

ന്യൂദല്‍ഹി: 2005ലെ ദല്‍ഹി സ്‌ഫോടന പരമ്പരക്കേസില്‍ കോടതി വെറുതെ വിട്ട പ്രതികള്‍ നിരപരാധികളാണെന്ന് 2009ല്‍ തന്നെ പൊലീസിന് അറിയാമായിരുന്നെന്നതിന് രേഖകള്‍ പുറത്ത്. ആന്ധ്രപ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന നടത്തിയ അന്വേഷണത്തില്‍ ഈ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ മുജാഹിദ്ദീനാണെന്നും ഇവരല്ലെന്നും വ്യക്തമായതാണെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മറ്റ് തീവ്രവാദവിരുദ്ധ സേനകള്‍ക്കു കൈമാറിയിരുന്നെന്നതിന്റെയും രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

2009ല്‍ തന്നെ ദല്‍ഹി പൊലീസിനും ഇന്റലിജന്‍സും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു എന്ന് വ്യക്തമാകുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്.

ആഭ്യന്തര മന്ത്രാലയത്തിനും ഇക്കാര്യം അറിയാമായിരുന്നെന്ന് സര്‍ക്കാര്‍ ഉറവിടങ്ങള്‍ തങ്ങളോട് സമ്മതിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഈമാസമാദ്യമാണ് ദല്‍ഹി സ്‌ഫോടനക്കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് റഫീഖ് ഷായെയും മുഹമ്മദ് ഹുസൈന്‍ ഫസീലിയെയും നിരപരാധികളെന്നു കണ്ട് കോടതി വെറുതെവിട്ടത്.

ദല്‍ഹി സ്‌ഫോടനത്തിനു പുറമേ സരോജിനി നഗര്‍, ഗോവിന്ദപുരി, പഹര്‍ഗഝ് എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നിലും മുജാഹിദ്ദീനാണെന്നായിരുന്നു ആന്ധ്രപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട്.

തനിക്ക് ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഓര്‍മ്മയില്ലെന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്നു പി. ചിദംബരം ഈ വാര്‍ത്തയോടു പ്രതികരിച്ചത്. ‘ആന്ധ്ര പൊലീസിന്റെ കണ്ടെത്തലുകള്‍ ചിലപ്പോള്‍ ഇന്റലിജന്‍സ് വിഭാഗം സൂചിപ്പിച്ചിട്ടുണ്ടാവാം. മറ്റ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ മുജാഹിദ്ദീനാണെന്ന് പറഞ്ഞത് ഓര്‍മ്മയുണ്ട്. പക്ഷെ ഇത് ഓര്‍മ്മയില്ല’ എന്നാണ് ചിദംബരം പറഞ്ഞത്.

2009ല്‍ സര്‍ക്കാറിന്റെയും അന്വേഷണ ഏജന്‍സികളുടെയും ഭാഗത്തുനിന്നുണ്ടായ അലംഭാവം കാരണം 12വര്‍ഷമാണ് ഈ നിരപരാധികള്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്.

Advertisement