സിനിമ: സെക്കന്റ് ഷോ
കഥ: വിനി വിശ്വലാല്‍
സംഗീതം: നിഖില്‍ രാജന്‍, അവിയല്‍
ഛായാഗ്രഹണം: പപ്പു
നിര്‍മ്മാണം: AOPL എന്റര്‍ടെയ്ന്‍മെന്റ്
സംവിധാനം: ശ്രീനാഥ് രാജേന്ദ്രന്‍

ഫസ്റ്റ് ഷോ / റഫീഖ് മൊയ്തീന്‍

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയ രംഗത്തേക്ക് കടക്കുന്നതിനെ സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങളും വാര്‍ത്തകളും പരന്നിരുന്നല്ലോ. അരങ്ങേറ്റം ഒരു തമിഴ് ചിത്രത്തിലാണെന്നായിരുന്നു ആദ്യം കേട്ടിരുന്നത്. പിന്നീടാണ് ജയരാജിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന നവാഗതന്‍ ശ്രീനാഥ് രാജേന്ദ്രന്റെ ‘സെക്കന്റ് ഷോ’ ആണ് ദുല്‍ഖറിന്റെ ആദ്യ ചിത്രമെന്ന് ഉറപ്പായത്. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റം സെക്കന്റ് ഷോയ്ക്ക് റിലീസിംഗിന് മുമ്പേ വലിയ ശ്രദ്ധ നേടിക്കൊടുത്തു. മാസങ്ങള്‍ക്കു മുമ്പേ ഫേസ്ബുക്കിലും ട്വിറ്ററിലും ഫഌക്കറിലും യൂ ട്യൂബിലുമെല്ലാം പണമിറക്കി പ്രചാരണം തുടങ്ങിയിരുന്നു. പബ്ലിസിറ്റിക്ക് മമ്മൂട്ടിയുടെ ഫാന്‍സുകാര്‍ തന്നെയായിരുന്നു എവിടെയും.

എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ എന്തു ജോലിയും ചെയ്യാന്‍ തയ്യാറുള്ള ഏതാനും ചെറുപ്പക്കാരുടെ കഥയാണ് സെക്കന്റ് ഷോ. ചിത്രത്തില്‍ അണിനിരക്കുന്നത് ഏറെയും പുതുമുഖങ്ങളാണ്. രാവിലത്തെ ജോലിക്കു ശേഷം രാത്രി മണല്‍ കടത്തിനും പോയി കാശുണ്ടാക്കുന്ന ലാലു എന്ന നാട്ടിന്‍ പുറത്തുകാരനായ യുവാവിനെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. അല്ലറ ചില്ലറ ക്വട്ടേഷനും അടവ് തെറ്റിയ വണ്ടി പിടിക്കലുമൊക്കെയായി കഴിയുന്ന ചാവേറ് വാവച്ചന്റെ (ബാബുരാജ്) അടുത്ത് ജോലി തേടി എത്തുന്ന ലാലുവും സംഘവും സൈക്കിള്‍ പൂട്ടു മുതല്‍ സെന്‍ട്രല്‍ ലോക്ക് വരെ പൊട്ടിക്കാന്‍ പഠിക്കുന്നു. പിന്നീട് ഈ സംഘം കഞ്ചാവ് കടത്തിലേക്കും വയലന്‍സിലേക്കും മാറുന്നു. പിന്നീട് വിഷ്ണുബുദ്ധന്‍ എന്ന ഗ്യാങ് ലീഡറുമായുള്ള ഏറ്റുമുട്ടല്‍. ഇതാണ് ചിത്രത്തിന്റെ കഥാതന്തു.

ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റം ഗംഭീരമാണെന്ന് പറയാന്‍ വയ്യ. രണ്ടര മണിക്കൂര്‍ നേരത്തെ ചിത്രം കണ്ടിറങ്ങുമ്പോള്‍ അതിലും ഇരട്ടി സമയം തിയ്യറ്ററില്‍ ഇരുന്ന പ്രതീതിയാണ് തോന്നിയത്. ചിത്രം അനാവശ്യമായി വല്ലാതെ നീട്ടിവലിച്ചിരിക്കുന്നു. ആദ്യ പകുതി ചിത്രീകരിച്ചപ്പോള്‍ സംവിധായകന്‍ സ്ഥലത്തില്ലായിരുന്നെന്ന് തോന്നുന്നു. ആദ്യപകുതിയിലെ മിക്ക സീനുകളും ജീവനില്ലാത്തതും വെറുതെ വലിച്ചു നീട്ടിയവയുമായിരുന്നു. ലൈറ്റിംഗും വളരെ മോശം. ബാല്‍ക്കണിയില്‍ നിന്ന് പയ്യന്മാര്‍ ‘ലൈറ്റെവിടെ?’ എന്ന് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. രണ്ടാം പകുതിയിലാണ് ചിത്രം വേഗത്തിലായത്. ആദ്യ പകുതിയിലെ വിരസത ഏറെക്കുറെ രണ്ടാം പകുതി ഇല്ലാതാക്കുന്നുണ്ട്.

അഛന്റെ പേര് ദുല്‍ഖര്‍ കാത്തു സൂക്ഷിക്കുമോ എന്നായിരുന്നു പടത്തിന് കയറുമ്പോഴുണ്ടായിരുന്ന ആകാംഷ. പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെങ്കിലും ദുല്‍ഖര്‍ നന്നായി വര്‍ക്കൗട്ട് ചെയ്്തിട്ടുണ്ട്. മോശമല്ലാത്ത അഭിനയം കാഴ്ചവെക്കാന്‍ ദുല്‍ഖറിനായിട്ടുണ്ട്. ഇമോഷന് പ്രാധാന്യമുള്ള സീനുകളില്‍ ദുല്‍ഖറിന് മികവ് പുലര്‍ത്താന്‍ സാധിച്ചിട്ടില്ല. പ്രത്യേകിച്ച് റൊമാന്റിക് സീനുകളില്‍. ചിത്രത്തിലെ ആക്ഷന്‍ സീനുകളിലാണ് ദുല്‍ഖര്‍ തിളങ്ങിയത്. നടത്തവും ചില ആംഗിളുകളില്‍ നിന്നുള്ള കാഴ്ചയും പലപ്പോഴും മമ്മൂട്ടിയെ ഓര്‍മ്മിപ്പിച്ചു.

ചിത്രത്തില്‍ എടുത്തു പറയേണ്ടത് ദുല്‍ഖറിന്റെ ലാലുവിനൊപ്പം തുടക്കം മുതല്‍ സഞ്ചരിക്കുന്ന നെല്‍സണ്‍ മണ്ടേല പി.പി അഥവാ കുരുടി എന്ന കഥാപാത്രത്തെക്കുറിച്ചാണ്. കുരുടി ശരിക്കും പ്രേക്ഷകനെ കൈയ്യിലെടുക്കുന്നു. ഏതാനും സീനുകളില്‍ മാത്രമാണെങ്കിലും ഇരട്ട വേഷത്തിലൂടെ ജ്യേഷ്ഠനായും അനുജനായും വാവച്ചന്‍ എന്ന കഥാപാത്രത്തെ ബാബുരാജ് ശ്രദ്ധേയമാക്കിയിട്ടുണ്ട്. മാറിപ്പൊട്ടിയ പടക്കം വാവച്ചന്റെ അണ്ണന്റെ ജീവനെടുത്തപ്പോള്‍ മാറിപ്പൊട്ടിച്ച പടക്കം കാരണം വാവച്ചന്റെ ജീവനും പോകുന്നു. ഈ സീനുകളില്‍ പ്രേക്ഷകനെ അറിഞ്ഞു ചിരിപ്പിക്കാന്‍ ചാവേര്‍ വാവച്ചന് (ബാബുരാജ്) കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഗൗതമി നായര്‍ തന്മയത്വമുള്ള അഭിനയം കാഴ്ച വെച്ചിരിക്കുന്നു.

യുവാക്കളെ ത്രില്ലടിപ്പിക്കുന്ന ശക്തമായ ഡയലോഗുകളാണ് സെക്കന്റ് ഷോയുടെ ഒരു പ്രത്യേകത. സാഹചര്യത്തിനൊത്തുള്ള റിയലിസ്റ്റിക്ക് കോമഡികളാണ് ചിത്രത്തിലേത്. കോമഡി സീനുകള്‍ ഭദ്രമായി തന്നെ മ്യൂസിക് മിക്‌സ് ചെയ്തിരിക്കുന്നു. അവിയലും നിഖിലും ഒരുക്കിയ സംഗീതം യുവാക്കളെ ആകര്‍ഷിക്കാന്‍ പോന്നതാണ്. പശ്ചാത്തല സംഗീതം സീനുകള്‍ക്ക് മിഴവേകാന്‍ വളരെ സഹായിക്കുന്നുണ്ട്. ക്ലൈമാക്‌സ് മോശമല്ലെന്ന് പറയാം. എന്നാല്‍ സ്‌ക്രിപ്റ്റും ഛായാഗ്രഹണവും നിരാശപ്പെടുത്തുന്നതാണ്.  എഡിറ്റിംഗും നിലവാരം പുലര്‍ത്തുന്നു.

കഥയും തിരക്കഥയും നിര്‍വ്വഹിച്ച വിനി വിശ്വലാലും സംവിധായകനുമാണ് ഏറെ നിരാശപ്പെടുത്തിയത്. ഡയറക്ടോറിയല്‍ ടച്ച് ചിത്രത്തില്‍ കാണാനേ ഇല്ല.പടം ആവറേജായി വിലയിരുത്തപ്പെടുകയാണെങ്കില്‍ ഉത്തരവാദിത്വം അവര്‍ക്കു തന്നെയാണ്. ചിത്രീകരണം കോഴിക്കോട്ട് ആരംഭിക്കുന്നതിന് മുമ്പ് സ്വന്തം മകന്റെ ആദ്യ ചിത്രത്തിന്റെ കഥ മമ്മൂട്ടി കേള്‍ക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും പടം കണ്ടിറങ്ങുന്നവര്‍ സംവിധായകനെയും തിരക്കഥാകൃത്തിനെയും പഴിക്കുന്നത് കേട്ടു.

പുതിയ ആശയമോ രീതിയോ മുന്നോട്ട് വെക്കാന്‍ സെക്കന്റ് ഷോയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും വ്യത്യസ്തതക്കു വേണ്ടി ശ്രമിച്ചിട്ടുണ്ട്, പക്ഷേ, അത് വേണ്ടത്ര ഫലിച്ചിട്ടില്ല. സോള്‍ട്ട് ആന്‍ഡ് പെപ്പറിനോടോ ചാപ്പാ കുരിശിനോടോ സെക്കന്റ് ഷോയെ താരതമ്യം ചെയ്യാന്‍ പറ്റില്ല. വളരെ കൂടുതലൊന്നും സെക്കന്റ് ഷോയില്‍ നിന്നും പ്രതീക്ഷിക്കരുത്. ഇടയ്ക്ക് ബോറടിച്ചും ഇടയ്ക്ക് ത്രില്ലടിച്ചും കണ്ടിരിക്കാവുന്ന ചിത്രം. ‘ദുല്‍ഖര്‍ കോഴിക്കോട്ടുണ്ട്. ഉസ്താദ് ഹോട്ടലിന്റെ ഷൂട്ടിംഗാ. അത് കലക്കും….’ ഫാന്‍സ് പ്രതീക്ഷയില്‍ തന്നെയാണ്….

Key words:  malayalam film review, mammootty, dulquar salman, malayalam film Second show

Malayalam News
Kerala News in English