മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടിയ കാഞ്ചീവരത്തിന്റെ രണ്ടാംഭാഗം വരുന്നു. പ്രിയദര്‍ശന്‍ തമിഴില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പൂര്‍ത്തിയായിവരികയാണ്. കാഞ്ചീവരത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

കാഞ്ചീവരം പട്ടണത്തിലെ പട്ടുനെയ്തുകാരനായ വേങ്കടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. പതിനായിരക്കണക്കിന് രൂപ വിലവരുന്ന പട്ടുസാരികള്‍ നെയ്തുണ്ടാക്കുന്ന വെങ്കിടത്തിന് ലഭിക്കുന്ന കൂലി 7 രൂപയാണ്. എങ്കിലും തന്റെ മകളുടെ വിവാഹത്തിന് പട്ടുസാരിയണിയിക്കണം എന്ന ആഗ്രഹം എന്നും അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. ഇതിനായി കരുതിവെച്ച പണം മറ്റൊരാവശ്യത്തിനുവേണ്ടി ഉപയോഗിക്കേണ്ടിവരുന്നു.

പിന്നീട് കമ്മ്യൂണിസത്തിലേക്ക് ആകൃഷ്ടനാകുന്ന വേങ്കടത്തെ വീണ്ടും ആ സാരി മോഹം പിടികൂടുന്നു. ഒടുക്കും എല്ലാം നഷ്ടപ്പെട്ട് ജയിലിലടക്കപ്പെട്ട വെങ്കിടം പരോളില്‍ നാട്ടില്‍വരുന്നു. ജീവിതത്തിലുണ്ടായ ദുരന്തങ്ങള്‍ സ്വന്തം മകളെ വിഷം നല്‍കി കൊല്ലാന്‍ വെങ്കിടത്തെ നിര്‍ബന്ധിതനാക്കുന്നു. ഒടുക്കം പാതി നെയ്ത പട്ടുകൊണ്ടു മകളുടെ മൃതശരീരം പുതപ്പിച്ച് വെങ്കിടം തന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നിടത്ത് കഥ അവസാനിക്കുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട കാഞ്ചീവരത്തിന്റെ രണ്ടാം ഭാഗത്തെ പ്രതീക്ഷയോടെയാണ് സിനിമാ പ്രമേകള്‍ കാണുന്നത്.

പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട സൂചനകളൊന്നും തന്നെ ലഭിച്ചിട്ടില്ല.

അടുത്തവര്‍ഷം പ്രിയന് മറ്റ് രണ്ട് പ്രധാന പ്രൊജക്റ്റുകള്‍ കൂടിയുണ്ട്. എച്ച്.ഐ.വി എയ്ഡ്‌സ് പ്രമേയമാക്കിയിട്ടുള്ളതാണ് ഒന്ന്. ഈ സിനിമയുടെ ഭൂരിഭാഗവും മുംബയിലാകും ചിത്രീകരിക്കുക. ഒരു പെണ്‍കുട്ടിയുടെ ജീവിതം കേന്ദ്രമാക്കി ഒരുക്കുന്ന ചിത്രമാണ് പ്രിയന്റെ മറ്റൊരു പ്രൊജക്റ്റ്.

മോഹന്‍ലാല്‍ ചിത്രമായ അറബിയും ഒട്ടകവും പി മാധവന്‍ നായരും ഹിന്ദി ത്രില്ലറായ തേസും പൂര്‍ത്തിയായ ഉടന്‍ പ്രിയദര്‍ശന്‍ ഗൌരവമേറിയ വിഷയങ്ങള്‍ പ്രമേയമാക്കുന്ന ചിത്രങ്ങളുടെ പണിപ്പുരയിലേക്ക് കടക്കും.