എഡിറ്റര്‍
എഡിറ്റര്‍
വെടിനിര്‍ത്തലിന്റെ രണ്ടാം പകല്‍; ഗസയിലെ സമാധനത്തിന് കൈറോയില്‍ ചര്‍ച്ച തുടങ്ങി
എഡിറ്റര്‍
Thursday 7th August 2014 10:48am

gaza കൈറോ: ഗസ മുനമ്പില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് വേണ്ടിയുള്ള ഉന്നതതല ചര്‍ച്ച ഈജിപ്തില്‍ പുരോഗമിക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി ഇസ്രഈലിന്റെയും ഹമാസിന്റെയും പ്രതിനിധികള്‍ കൈറോയിലെത്തി.

ചൊവ്വാഴ്ച രാത്രിയാണ് ഇസ്രഈലി പ്രതിനിധികളുമായി കൈറോയില്‍ ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയത്. ഹമാസ്, ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പ് എന്നിവയിലെ നേതാക്കളടക്കമുള്ള ഫലസ്തീന്‍ പ്രതിനിധികളുമായി ഇന്നലെ ചര്‍ച്ച നടത്തിയതായി ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഇരു കൂട്ടരെയും ഒരേ വേദിയിലിരുത്തി ചര്‍ച്ച നടത്തിയിട്ടില്ല.

ഗസയില്‍ നിന്ന് ഇസ്രഈലിന്റെ പൂര്‍ണ പിന്മാറ്റം, ഉപരോധം പിന്‍വലിക്കല്‍, ജറുസലമില്‍ നിന്ന് കഴിഞ്ഞ ജൂണില്‍ പിടികൂടിയവരടക്കമുള്ള തടവുകാരെ വിട്ടയക്കുക, പുനര്‍ നിര്‍മ്മാണത്തിനുള്ള അന്താരാഷ്ട്ര സഹായം എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഫലസ്തീന്‍ പ്രതിനിധികള്‍ മുന്നോട്ട് വെക്കുക. ഹമാസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയെന്നതാണ് ഇസ്രഈലിന്റെ ആവശ്യം. എന്നാല്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ പ്രാഥമിക ചര്‍ച്ചയില്‍ തന്നെ ഇരുകൂട്ടരും അംഗീകരിച്ചിട്ടില്ല.

അതേസമയം ടോണി ബ്ലെയറും യു.എസ് പശ്ചിമേഷ്യന്‍ സമാധാന നടപടി കോഓഡിനേറ്റര്‍ റോബര്‍ട്ട് സെറിയും ഈജിപ്ഷ്യന്‍ അധികൃതരമായി ചര്‍ച്ച നടത്തി.റോക്കറ്റ് ശേഖരം ഹമാസ് ഉപേക്ഷിക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഹമാസിനോട് സമ്മര്‍ദ്ദം ചെലുത്തണമെന്നും കെറി വ്യക്തമാക്കിയിരുന്നു.

gazza

ഒരു മാസത്തെ ഇസ്രഈല്‍ ആക്രമണത്തിന് ശേഷം ഗസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന്റെ രണ്ടാം ദിനം സമാധാനപൂര്‍ണമാണ്. 28 ദിവസത്തെ ഇസ്രഈല്‍ കൂട്ടക്കുരുതിയില്‍ കനത്ത നാശനഷ്ടമാണ് ഗസയ്ക്ക് നേരിടേണ്ടി വന്നത്. ആക്രമണത്തില്‍ 1867 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 429 കുട്ടികളും, 243 സ്ത്രീകളുമാണ്. 9563 പേര്‍ക്ക് പരിക്കേറ്റു. 2877 കുട്ടികളും, 1927 സ്ത്രീകളുമുള്‍പ്പെടെയാണിത്.

ആരോഗ്യമേഖലയിലും യുദ്ധം കനത്ത നാശനഷ്ടം വരുത്തി. 13 ആശുപത്രികള്‍, 10 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, 34 ക്ലിനിക്കുകള്‍, 12 ആംബുലന്‍സുകള്‍ എന്നിവ തകര്‍ക്കപ്പെട്ടു. ആതുര ശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന 16 പേര്‍ മരിക്കുകയും, 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1724 വീടുകള്‍ പൂര്‍ണമായും, 8880 വീടുകള്‍ ഭാഗികമായും തകര്‍ന്നപ്പോള്‍ ഇത് 4,75000 അഭയാര്‍ത്ഥികളെയാണ് സൃഷ്ടിച്ചത്. 90 മുസ്ലിം പള്ളികള്‍ ഭാഗികമായി തര്‍ന്നപ്പോള്‍ 42 മുസ്ലിം പള്ളികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 8 ജലവിതരണ കേന്ദ്രങ്ങളും, 19 വൈദ്യതനിലയങ്ങളും തകര്‍ന്നു. 315 വ്യാപാര സ്ഥാപനങ്ങള്‍ നശിച്ചപ്പോള്‍ 14,000 തൊഴിലാളികളെ ബാധിച്ചു. 19 ബാങ്കുകള്‍, 22 സന്നദ്ധസംഘടനാ ഓഫീസുകള്‍ എന്നിവയും യുദ്ധത്തില്‍ തകര്‍ന്നു.

അതേസമയം, 3 പേരാണ് ഇസ്രഈലില്‍ കൊല്ലപ്പെട്ടത്. 64 സൈനികരും. 57 ഇസ്രഈല്‍ സൈനികരും, 2 അമേരിക്കക്കാരും, ബെല്‍ജിയത്തിലെ 2 സൈനികരും ഉള്‍പ്പെടെയാണിത്.

Advertisement