ന്യൂദല്‍ഹി: മാര്‍ക്കറ്റിലേക്ക് കള്ളപ്പണം ഒഴുകുന്നത് തടയുന്നതിന്റെ ഭാഗമായി ടെലികോം സേവന ദാതാക്കളില്‍ നിന്നും ഫോണ്‍ കോള്‍, ഇ-മെയില്‍ വിശദാംശങ്ങള്‍ നിരീക്ഷിക്കാന്‍ അനുവാദം നല്‍കണമെന്ന് സെബി(സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഇത് സംബന്ധിച്ച് സെബി ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട് മെന്റിന്് അപേക്ഷ നല്‍കി.

ടാക്‌സ് ഒഴിവാക്കി വ്യാപകമായി ഇന്ത്യയിലേക്ക് കള്ളപ്പണം ഒഴുകുന്നത് തടയിടാനാണ് സെബിയുടെ പുതിയ നീക്കം. കള്ളപ്പണത്തിന്റെ സ്‌ത്രോതസ് കണ്ടുപിടിക്കാന്‍ ഇത്തരം നിരീക്ഷണത്തിലൂടെ കഴിയുമെന്നും അതിലൂടെ മാര്‍ക്കറ്റിലേക്കെത്തുന്ന കള്ളപ്പണത്തിന് തടയിടാമെന്നുമാണ് സെബി കരുതുന്നത്.

ഈ ആവശ്യമുന്നയിച്ച്് നേരത്തെ നിരവധി തവണ സെബി ഗവണ്‍മെന്റിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപ്പോഴെല്ലാം സര്‍ക്കാര്‍ ആവശ്യം നിരാകരി്ക്കുകയായിരുന്നു. മാറിയ സാഹചര്യത്തില്‍ ഗവണ്‍മെന്റ് അനുമതി നല്‍കുമെന്നാണ് സെബി കരുതുന്നത്.

അതേസമയം കോള്‍ റെക്കോര്‍ഡ് കിട്ടുന്നത് പോലെ ഇ-മെയില്‍ റെക്കോര്‍ഡ് കിട്ടുകയെന്നത് അത്ര എളുപ്പമല്ല എന്നാണ് കരുതപ്പെടുന്നത്. കാരണം ഗൂഗിള്‍, യാഹൂ, ഹോട്ട് മെയില്‍ തുടങ്ങി ഒട്ടുമിക്ക ഇ-മെയില്‍ സേവന ദാതാക്കളുടെയും സെര്‍വറുകള്‍ ഇന്ത്യക്ക് പുറത്താണുള്ളത്. മുന്‍പ് അന്വേഷണാവശ്യങ്ങള്‍ക്കായി നിരവധി സുരക്ഷാ ഏജന്‍സികള്‍ സമീപിച്ചിട്ടും വ്യര്‍ത്ഥമായിരുന്നു ഫലം.

നേരത്തേ ദുബൈയ് പോലെയുള്ള സ്ഥലങ്ങളിലൂടെ ഇന്ത്യക്കാരുടെ കള്ളപ്പണങ്ങള്‍ വ്യാപകമായ തോതില്‍ രാജ്യത്തേക്ക് വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകല്‍ ഉണ്ടായിരുന്നു. ഇത്തരം പണം ഓഹരിവിപണിയിലുമെത്താന്‍ സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ടൂണ്ടായിരുന്നു. കള്ളപ്പണത്തിന്റെ വരവും പോക്കും ശക്തമായി നിരീക്ഷിക്കാന്‍ സെബിയും, ആര്‍.ബി.ഐയും തീരുമാനിച്ചിരുന്നു.

ഓഹരിവിപണിയിലൂടെ പണം രാജ്യത്തികത്തേക്കും പുറത്തേക്കും പോകുന്നുണ്ടോയെന്നു നിരീക്ഷിക്കാനുള്ള ചുമതല സെബിക്കാണ്. പുതിയ നീക്കം ഫലവത്താവുകയാണെങ്കില്‍ അത് കള്ളപ്പണത്തിന്റെ ഒഴുക്ക് കുറയ്ക്കാനിടയാക്കുമെന്നാണ് സെബി കരുതുന്നത്.