ന്യൂദല്‍ഹി: ഓഹരി വിപണിയിലെ ഓരോ ചലനങ്ങളും നിരീക്ഷിക്കാന്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായം തേടാനാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ നീക്കം. ഇതിനായി പുതിയ സോഫ്റ്റ്‌വെയര്‍ രൂപീകരിക്കാനാണ് സെബി തീരുമാനിച്ചിരിക്കുന്നത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ഫേയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ ഓഹരി വിപണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കാര്യമായി നടക്കാറുണ്ട്. ഇത്തരം വേദികളില്‍ നടക്കുന്ന ചര്‍ച്ചകളും അഭിപ്രായങ്ങളും ഓഹരി വിപണിയെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നും സെബി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ചര്‍ച്ചകളെ നിരീക്ഷണവിധേയമാക്കുക എന്നതാണ് പുതിയ സോഫ്റ്റ്‌വെയറിന്റെ മുഖ്യചുമതല.

നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കുന്ന വെബ്‌സൈറ്റുകളെക്കുറിച്ച് സെബി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓഹരി വിപണിയെ സ്വാധീനിക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ പുതിയ സംവിധാനം സെബിയെ സഹായിക്കുമെന്നാണ് സൂചന.