എഡിറ്റര്‍
എഡിറ്റര്‍
ഫോര്‍മുല വണ്‍: വെറ്റലിന് ഹാട്രിക്
എഡിറ്റര്‍
Monday 26th November 2012 11:20am

സാവോ പോളോ: ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ റെഡ് ബുള്ളിന്റെ സൂപ്പര്‍ താരം സെബാസ്റ്റ്യന്‍ വെറ്റലിന് ഹാട്രിക് കിരീടം. ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോയാണ് രണ്ടാം സ്ഥാനത്ത്.

സീസണിലെ അവസാന മത്സരമായ ബ്രസീലിയന്‍ ഗ്രാന്‍പ്രീയില്‍ ആറാമതായാണ് വെറ്റല്‍ ഫിനിഷ് ചെയ്തതെങ്കിലും സീസണിലെ 20 റൗണ്ടുകളിലായി 281 പോയിന്റ് നേടിയ വെറ്റല്‍ കിരീടം നേടുകയായിരുന്നു. ജെന്‍സണ്‍ ബട്ടണാണ് ബ്രസീലിയന്‍ ഗ്രാന്‍പ്രീയിലെ ചാമ്പ്യന്‍. 278 പോയിന്റാണ് രണ്ടാമതെത്തിയ ഫെര്‍ണാണ്ടോ നേടിയത്.

Ads By Google

ബ്രസീലിയന്‍ ഗ്രാന്‍പ്രീയില്‍ ആദ്യ ലാപ്പില്‍ വെറ്റലിന്റെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഏറെ പിന്നിലായിരുന്നു വെറ്റല്‍. ഒരുവേള വെറ്റല്‍ നിരാശപ്പെടുത്തുമോ എന്നുപോലും ആരാധകര്‍ സംശയിച്ചു. പിന്നീടാണ് ഒരു യഥാര്‍ത്ഥ ചാമ്പ്യന്റെ മികവ് കാട്ടി വെറ്റല്‍ കിരീടത്തിലേക്ക് കാറോടിച്ച് കയറ്റിയത്.

വെറും 13 പോയിന്റിന്റെ ലീഡുമായാണ് വെറ്റല്‍ അവസാന റൗണ്ട് മത്സരത്തിന് ഇറങ്ങിയത്. ഇവിടെ നിന്നാണ് എല്ലാവരേയും പിന്തള്ളി വെറ്റല്‍ ഒന്നാമനായത്. ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ആളാണ് വെറ്റല്‍.

ഇതിഹാസ താരങ്ങളായ ജുവാന്‍ മാനുവല്‍ ഫാന്‍ജിയോ, മൈക്കല്‍ ഷുമാക്കര്‍ എന്നിവരോടൊപ്പം ഇനി വെറ്റലിന്റെ പേര് കൂടി ചേര്‍ത്ത് വായിക്കാം. കൂടാതെ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും 25 കാരനായ വെറ്റലാണ്.

2009 ലാണ് വെറ്റല്‍ ഗ്രാന്‍പ്രീ മത്സരങ്ങളില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആ വര്‍ഷം തന്നെ റണ്ണേഴ്‌സ് അപ്പായാണ് സീസണ്‍ അവസാനിപ്പിച്ചത്. തൊട്ടടുത്ത വര്‍ഷം ഏറ്റവും പ്രായം കുറഞ്ഞ ചമ്പ്യനായ വെറ്റല്‍ 2011 ലും 12 ലും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി.

Advertisement