Administrator
Administrator
സെബാസ്റ്റ്യന്‍ പോള്‍ ഇന്ത്യാവിഷന്‍ അമരത്ത്
Administrator
Tuesday 22nd February 2011 1:26pm

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ എം.പിയും ഇടത് സഹയാത്രികനുമായ ഡോ.സെബാസ്റ്റിയന്‍ പോള്‍ ഇന്ത്യാവിഷന്‍ ചീഫ് എഡിറ്ററാകും. ഇന്നലെ ചേര്‍ന്ന ചാനല്‍ ഡയരക്ടര്‍ ബോര്‍ഡിന്റെതാണ് തീരുമാനം. ചാനലിന്റെ നിലവിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡിനെ മാറ്റണമെന്ന് കെ.എം.സി.സി പ്രതിനിധികള്‍ ശക്തമായി ആവശ്യപ്പെട്ടുവെങ്കിലും യോഗം അത് തള്ളുകയായിരുന്നു. നിലവിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡിനെ അതേപടി നിലനിര്‍ത്തുകയും പകരം ഡോ.സെബാസ്റ്റിയന്‍ പോളിനെ ചീഫ് എഡിറ്ററായി തിരഞ്ഞെടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുള്‍പ്പെടെ പൊതുപ്രവര്‍ത്തന രംഗത്ത് സ്വതന്ത്രനിലപാടെടുക്കാന്‍ അനുമതി നല്‍കിയാണ് സെബാസ്റ്റ്യന്‍ പോളിനെ ചീഫ് എഡിറ്ററായി കൊണ്ട് വരുന്നത്.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതില്‍ മാപ്പ് പറയണമെന്നും എഡിറ്റര്‍ ഇന്‍ചാര്‍ജ് എം.പി ബഷീറുള്‍പ്പെടെയുള്ളവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമായിരുന്നു കെ.എം.സി.സി പ്രതിനിധികളും മറ്റ് ചിലരും ആവശ്യപ്പെട്ടത്. എഡിറ്റോറിയല്‍ ബോര്‍ഡിനെ മാറ്റിയില്ലെങ്കില്‍ മുനീര്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് നിര്‍ദേശങ്ങളും മുനീര്‍ തള്ളിക്കളഞ്ഞു. ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് കെ.എം.സി.സി പക്ഷം രണ്ട് പേരുകള്‍ നിര്‍ദേശിച്ചെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. ഭൂരിപക്ഷം അംഗങ്ങളും മുനീറിന്റെ നിലപാടിനൊപ്പം നില്‍ക്കുകയായിരുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സാധ്യതയെ തകര്‍ക്കുന്നതാണ് ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ഇന്ത്യാവിഷന്‍ പുറത്ത് വിട്ട വാര്‍ത്തകളെന്ന് മറുപക്ഷം ആരോപിച്ചു. എന്നാല്‍ യു.ഡി.എഫിന്റെ സാധ്യതയില്‍ നിങ്ങള്‍ വേവലാതിപ്പെടേണ്ടെന്നും അത് ഞങ്ങള്‍ മറികടന്ന് കൊള്ളുമെന്നും മുനീര്‍ വ്യക്തമാക്കി. വാര്‍ത്ത യു.ഡി.എഫിനെ പരുങ്ങലിലാക്കിയിട്ടുണ്ടെങ്കില്‍ അത് വാര്‍ത്തയുടെ വിശ്വാസ്യതയെയാണ് കാണിക്കുന്നതെന്നും മുനീര്‍ വ്യക്തമാക്കി.

ഡയരക്ടര്‍ബോര്‍ഡ് യോഗത്തിന് ശേഷം ഇന്ത്യാവിഷന്‍ സ്റ്റാഫ് മീറ്റിങ് വിളിച്ചുകൂട്ടിയ മുനീര്‍ താന്‍ തന്നെ ചാനല്‍ ചെയര്‍മാനായി തുടരുമെന്ന് വ്യക്തമാക്കി. ഇന്ത്യാവിഷന്‍ പുറത്ത് വിട്ട വാര്‍ത്തക്കൊപ്പം ഡയരക്ടര്‍ ബോര്‍ഡ് ഉറച്ച് നില്‍ക്കുമെന്നും ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പിറകോട്ട് പോക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാനലോ ലീഗോ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ താന്‍ ലീഗില്‍ നിന്ന് പുറത്തേക്ക് വരുമെന്നും അദ്ദേഹം ചാനല്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.

സെബാസ്റ്റ്യന്‍ പോളിനെ ചീഫ് എഡിറ്ററായി നിയമിച്ചതോടെ തന്റെ വിമര്‍ശകര്‍ക്ക് വ്യക്തമായ മറുപടിയാണ് മുനീര്‍ നല്‍കിയത്. അറിയപ്പെടുന്ന ഇടത് സഹയാത്രികനായ സെബാസ്റ്റ്യന്‍ പോള്‍ ഏറെക്കുറെ സ്വതന്ത്ര നിലപാട് കൈക്കൊള്ളുന്ന വ്യക്തിയാണ്. നേരത്തെ കൈരളിയില്‍ മാധ്യമ വിചാരം എന്ന പേരില്‍ മാധ്യമ അവലോകന പരിപാടി അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഇടക്കാലത്ത് പിണറായി വിജയനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയ അദ്ദേഹം പിണറായിയുടെ മാധ്യമങ്ങളോടുള്ള അസഹിഷ്ണുതയെ അടിയന്തിരാവസ്ഥയിലെ ഇന്ദിരായോട് ഉപമിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മാധ്യമം ദിനപത്രത്തില്‍ ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന കോളം കൈകാര്യം ചെയ്യുന്നുണ്ട്.

2004ല്‍ ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ഇന്ത്യാവിഷന്‍ വാര്‍ത്ത പുറത്ത് വിട്ടപ്പോള്‍ എം.കെ മുനീറിനെ ശക്തമായി പിന്തുണച്ച വ്യക്തിയാണ് സെബാസ്റ്റ്യന്‍ പോള്‍. മുനീറിനെ വക്കം മൗലവിയോടായിരുന്നു സെബാസ്റ്റ്യന്‍ പോള്‍ അന്ന് ഉപമിച്ചിരുന്നത്. ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ ഇന്ത്യാവിഷന്‍ പുറത്ത് വിട്ടപ്പോള്‍ വാര്‍ത്ത വരുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന മുനീറിന്റെ പ്രസ്താവനയെ സെബാസ്റ്റിയന്‍ പോള്‍ ശക്തമായി വിരമര്‍ശിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്.

നിലവില്‍ ഇന്ത്യാവിഷന് ചീഫ് എഡിറ്റര്‍ സ്ഥാനം ഉണ്ടായിരുന്നില്ല. ഇന്ത്യാവിഷനില്‍ സി.ഇ.ഒയും എക്‌സിക്യുട്ടീവ് എഡിറ്ററുമായിരുന്നു നികേഷ്‌കുമാര്‍. നികേഷിന്റെ രാജിക്ക് ശേഷം 12 അംഗ എഡിറ്റോറിയല്‍ ബോര്‍ഡിനെയും എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയി എം.പി ബഷീറിനെയും തിരഞ്ഞെടുക്കുകയായിരുന്നു. എഡിറ്ററിന്‍ ഇന്‍ ചാര്‍ജായി എം.പി ബഷീറിനെ തന്നെ നിലനിര്‍ത്താനാണ് ഇപ്പോഴത്തെ തീരുമാനം.

Advertisement