ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മുന്‍ ജീവനക്കാരനായിരുന്ന സെബാസ്റ്റ്യന്‍ ജോര്‍ജ്ജ് മുന്‍ മുഖ്യമന്ത്രിമാരായിരുന്ന എ.കെ ആന്റണിക്കും വി.എസ് അച്ച്യുതാനന്ദനും അയച്ച കത്ത് ഡൂള്‍ന്യൂസിന് ലഭിച്ചു. മലിനീകരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതി ചൂണ്ടിക്കാണിച്ചാണ് ജോര്‍ജ്ജ് ഇരുവര്‍ക്കും കത്തയച്ചത്.

2000 നവംബര്‍ 14ന് കമ്പനി ലോക്കൗട്ട് ചെയ്തതു മുതല്‍ നടന്ന സംഭവവികാസങ്ങള്‍ കത്തില്‍ വ്യക്തമാക്കുന്നു. കമ്പനി അടച്ചുപൂട്ടുന്ന സാഹചര്യം സൃഷ്ടിച്ച ശേഷം 108 കോടി രൂപയുടെ മലിനീകരണ പ്ലാന്റിന് ഓര്‍ഡര്‍ നല്‍കുവാനും കോടികള്‍ കമ്മീഷനായി കൈപ്പറ്റുവാനും ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് ലോക്കൗട്ടിന് ഇടയാക്കിയതെന്ന് സംശയിക്കേണ്ടതായി കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തുടര്‍ന്ന് പ്ലാന്റിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതിലുണ്ടായ അഴിമതിയും ക്രമക്കേടുകളും വിവരിക്കുന്ന കത്തില്‍ ഇതിനെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുന്ന കാര്യവും വ്യക്തമാക്കുന്നുണ്ട്.

കമ്പനിയിലെ മലിനീകരണ പ്രൊജക്ടിന്റെ അപ്രായോഗികതയെക്കുറിച്ചും അഴിമതിക്ക് കളമൊരുങ്ങുന്നതിനെക്കുറിച്ചും ചൂണ്ടിക്കാണിച്ച സെബാസ്റ്റിയന്‍ ജോര്‍്ജ്ജിന് സ്ഥാപന അധികാരികളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. തുടര്‍ന്ന് 2002 നവംബറില്‍ 17 വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍ക്കെ സെബാസ്റ്റ്യന്‍ ജോര്‍ജ്ജിന് സ്ഥാപനത്തില്‍ നിന്നും രാജിവെക്കേണ്ടി വന്നു.

രാഷ്ട്രീയ നേതാക്കളും ബ്യൂറോക്രാറ്റുകളും ടെക്‌നോക്രാറ്റുകളും ഹൈക്കോടതിയിലെ ചിലരും ചേര്‍ന്ന് നടത്തിയ ഗഢാലോചനയാണ് ടൈറ്റാനിയം കമ്പനിയെ ഈ സ്ഥിതിയിലെത്തിച്ചതെന്ന് കത്തില്‍ പറയുന്നു. കമ്പനി മലിനീകരണ പ്ലാന്റ് കൊണ്ടുവരുന്നതിനെതിരെ ആദ്യമായി ലോകായുക്തയെ സമീപിച്ച് സ്റ്റേ വാങ്ങിയ വ്യക്തിയാണ് സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്. 2003 മാര്‍ച്ച് മൂന്നിനാണ് അന്നത്തെ മുഖ്യമന്ത്രിയായ എ.കെ ആന്റണിക്ക് കത്ത് നല്‍കിയത്. പിന്നീട് 2006 ജൂണ്‍ ആറിനാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന് കത്ത് നല്‍കിയത്. ആദര്‍ശ ധീരനായ എ.കെ ആന്റണിക്ക് അഴിമതി അറിയിച്ച് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വി.എസിനയച്ച കത്തില്‍ സെബാസ്റ്റിയന്‍ ജോര്‍ജ്ജ് വ്യക്തമാക്കുന്നുണ്ട്. അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് രണ്ട് കത്തിലും ആവശ്യപ്പെട്ടിരിക്കുന്നത്.

സെബാസ്റ്റ്യന്‍ ജോര്‍ജ്ജ് മുന്‍മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന് അയച്ച കത്ത്


സെബാസ്റ്റ്യന്‍ ജോര്‍ജ്ജ് മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിക്കയച്ച കത്ത്