ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ സീറ്റുവിഭജനപ്രശ്‌നവുമായി ബന്ധപ്പെട്ട് ഡി.എം.കെയും കോണ്‍ഗ്രസും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം അവസാനിക്കുന്നതി സൂചന. ഡി.എം.കെയുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഒരു ദിവസം കൂടി കാത്തിരിക്കണമെന്നും പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡി.എം.കെയുടെ കേന്ദ്രമന്ത്രിമാര്‍ തിങ്കളാഴ്ച്ച പ്രധാനമന്ത്രിക്ക് രാജിസമര്‍പ്പിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അനുനയനീക്കങ്ങളുടെ ഫലമായി തീരുമാനം മാറ്റുകയായിരുന്നു.

തുടര്‍ന്ന് ചൊവ്വാഴ്ച്ച രാജി സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന നേതാവ് ടി.ആര്‍ ബാലു വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഒരുദിവസം കൂടി കാത്തിരിക്കണമെന്നും പ്രണബ് മുഖര്‍ജി ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ കരുണാനിധിയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങേണ്ട എന്ന നിലപാടിലാണ് സോണിയാഗാന്ധിയെന്നാണ് സൂചന. വിഷയത്തില്‍ തന്റെ എതിര്‍പ്പ് കേന്ദ്രമന്ത്രിമാരായ ദയാനിധി മാരനോടും അഴഗിരിയോടും പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 63 സീറ്റുകള്‍ ലഭിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എവിടെയെല്ലാം മല്‍സരിക്കും എന്നതും തങ്ങള്‍ തീരുമാനിക്കുമെന്ന കോണ്‍ഗ്രസ് നിലപാടും ഡി.എം.കെയെ ചൊടിപ്പിച്ചു. ഒടുവില്‍ കോണ്‍ഗ്രസിന് 61 സീറ്റുകള്‍ നല്‍കാം എന്ന് ഡി.എം.കെ നിലപാടെടുത്തതായാണ് സൂചന.