ഹൈദരാബാദ്: പ്രത്യേക തെലങ്കാന സംസ്ഥാനം എന്ന ആവശ്യം ഉന്നയിച്ച് ഓസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഇഷാന്‍ റെഢിയാണ് ആത്മഹത്യ ചെയ്തത്. തെലങ്കാന സംസ്ഥാനത്തിനായി എം എല്‍ എ സ്ഥാനം രാജിവച്ച 12 പേര്‍ക്കും പിന്തുണ നല്‍കിക്കൊണ്ടുള്ള കത്തും ഇശാനിന്റെ മൃതദേഹത്തിനടുത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.

നിയമസഭയിലേക്ക നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇഷാന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ പറയുന്നുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ഡി ശ്രീനിവാസ് ഉള്‍പ്പടെയുള്ളവര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. മേദക് ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് ഇഷാന്‍.

തന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കരുതെന്നും തെലങ്കാന രക്തസാക്ഷി സ്മാരകം വരെ ശരീരം വഹിച്ചുകൊണ്ടുപോകണമെന്നും ഇഷാന്‍ എഴുതിയ കത്തില്‍ പറയുന്നുണ്ട്. അതിനിടെ ഇഷാനിന്റെ ശരീരം മാറ്റാനെത്തിയ പോലീസിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി തെലങ്കാന സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്തിരുന്നു.