കൊല്ലം: തെക്കന്‍ കേരളത്തില്‍ രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലത്ത് വള്ളം മറിഞ്ഞ് പരിക്കേറ്റ തൃക്കുന്നപ്പുഴ സ്വദേശി അബുജാക്ഷന്‍(60) ആണ് മരിച്ചത്. 30 പേര്‍ക്കു പരിക്കേറ്റു. പൂന്തുറയില്‍ എഴുവയസ്സുകാരനെ കാണാതായി. വള്ളം മറിഞ്ഞ് പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടലില്‍ പോയ മല്‍സ്യത്തൊഴിലാളികളെല്ലാം തിരികെയെത്തണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ഉള്‍ക്കടലില്‍ 15 അടിയോളം ഉയരത്തില്‍ തിരമാലകള്‍ കണ്ടതായും ഇരുട്ട് വ്യാപിക്കുന്നതായും മല്‍സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊച്ചിയില്‍നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കടലില്‍ ഇരുട്ട് വ്യാപിക്കുന്നതിനാല്‍ ദിശ അറിയാന്‍ കഴിയുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ലൈറ്റ് ഹൗസുകളില്‍ ലൈറ്റ് തെളിച്ചു.

എന്തു സാഹചര്യവും നേരിടാന്‍ ലൈഫ് ഗാര്‍ഡുകളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു. അതിനിടെ കേരള തീരത്ത് അടുത്ത 48 മണിക്കൂറിനിടെ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.