ചെന്നൈ: കൂടംകുളം ആണവനിലയത്തിനെതിരെ ആയിരങ്ങള്‍ കടലിലിറങ്ങി പ്രതിഷേധിക്കുന്നു. ആണവനിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവെക്കാന്‍ നടപടിയെടുക്കണമെന്നും ഇടിന്തകരൈയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും പോലീസിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കടലിലിറങ്ങി സമരം നടക്കുന്നത്.

Ads By Google

കഴുത്തറ്റം വെള്ളത്തിലിറങ്ങിയാണ് ആയിരങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കുചേര്‍ന്നത്. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ സമരസമിതി പ്രവര്‍ത്തകര്‍ കടലില്‍ ഇറങ്ങിനിന്ന് സമരം നടത്തും.

നൂറുകണക്കിന് സമരസമിതി പ്രവര്‍ത്തകരാണ് സമരസ്ഥലത്തേക്ക് പ്രവഹിക്കുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ കക്ഷിനേതാക്കളും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ, സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നും പോലീസിന്റെ ബലപ്രയോഗത്തില്‍ കേടുപറ്റിയ ബോട്ടുകള്‍ക്കും മറ്റ് മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സമരസമിതി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടു. കൂടംകുളം ആണവനിലയത്തിനെതിരെയുള്ള സമരത്തില്‍ ആദ്യം പിന്തുണ നല്‍കിയ മുഖ്യമന്ത്രി ജയലളിത പിന്നീട് നിലപാട് മാറ്റിയത് തങ്ങളെ ഞെട്ടിച്ചെന്നും സമരസമിതി കുറ്റപ്പെടുത്തി.

പോലീസ് വെടിവെപ്പിലും അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഇടിന്തകരൈയില്‍ കൂടംകുളം ആണവനിലയ വിരുദ്ധസമിതി തുടങ്ങിയ 48 മണിക്കൂര്‍ ഉപവാസസമരം ബുധനാഴ്ച വൈകിട്ട് അവസാനിപ്പിച്ചു.

അതിനിടെ സമരസമിതി നേതാക്കളായ ഉദയകുമാര്‍, പുഷ്പരാജന്‍ തുടങ്ങിയവര്‍ക്കെതിരെ ദേശദ്രോഹമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച ഇടിന്തകരൈ ലൂര്‍ദ് മേരിപള്ളിക്ക് മുന്നിലെ സമരപ്പന്തലില്‍നിന്ന് അനുയായികള്‍ കടലിലേക്ക് കൊണ്ടുപോയ ഉദയകുമാറിനെ പിടിക്കാനുള്ള പോലീസിന്റെ ശ്രമം തുടരുകയാണ്. റോഡുമാര്‍ഗമുള്ള എല്ലാ നീക്കവും പോലീസിന്റെ നിരീക്ഷണത്തിലാണ്.

കടല്‍വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മറൈന്‍ പോലീസിനെ നിയോഗിച്ചു. നാല് സ്പീഡ്‌ബോട്ടുകളിലായി അവര്‍ റോന്തുചുറ്റുകയാണ്. കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ തൂത്തുക്കുടിയിലെത്തിയിട്ടുണ്ട്. ഈ കപ്പലുകള്‍ വഴി കടല്‍തീരം നിരീക്ഷിക്കുന്നുമുണ്ട്. കൂന്തക്കുഴിക്കും മണപ്പാട്ടിനും മധ്യേയുള്ള ഏതോ ഒളിസങ്കേതത്തില്‍ ഉദയകുമാറുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.