എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊല: വിചാരണ വൈകുന്നെന്നാരോപിച്ച് ഇറ്റലി സുപ്രീം കോടതിയില്‍
എഡിറ്റര്‍
Wednesday 15th January 2014 1:32pm

italian-mariners

ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ വിചാരണ വൈകുന്നുവെന്നാരോപിച്ച് ഇറ്റലി സുപ്രീം കോടതിയെ സമീപിച്ചു. നാവികരെ വിട്ടയക്കണമെന്നും ഇറ്റലി സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു.

കേസില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് നാവികരെ വിട്ടയക്കണമെന്ന് ഇറ്റലി ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഇറ്റലിയുടെ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. അതിനിടയില്‍ ഇറ്റാലിയന്‍നാവികര്‍ക്കെതിരായ കടല്‍ക്കൊലക്കേസില്‍ വിചാരണ പൂര്‍ത്തിയാകാതിരിക്കാന്‍ കാരണം മുന്‍ ആഭ്യന്തര സെക്രട്ടറിയാണെന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ പരാമര്‍ശം വിവാദമായി.

എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ആര്‍.കെസിങിന്റെ ഇടപെടലാണ്. ശരിയായ നടപടിക്രമങ്ങള്‍ ആയിരുന്നെങ്കില്‍ വിചാരണ പൂര്‍ത്തിയായേനെ എന്നുമായിരുന്നു ഖുര്‍ഷിദിന്റെ പരാമര്‍ശം.

പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കരുതെന്നും വധശിക്ഷ നല്‍കിയാല്‍ സ്വതന്ത്ര വ്യാപാരക്കരാറില്‍ നിന്ന് പിന്‍മാറുമെന്നും യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Advertisement