Categories

കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവാ നിയമം ചുമത്തുന്നത് പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

italian-mariners

ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവാ നിയമം ചുമത്തുന്നത് പുനപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

വധശിക്ഷ ലഭിക്കുന്ന വകുപ്പില്‍ നിന്ന് മാറ്റാന്‍ കഴിയുമോ എന്നും നിര്‍ദ്ദേശമുണ്ട്. സുവോ നിയമംചുമത്താന്‍ കഴിഞ്ഞാഴ്ച ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടായിരുന്നു. വധ ശിക്ഷ നല്‍കിയാല്‍ അത് ഇറ്റലിയുമായുള്ള നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുനപരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.

പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കരുതെന്നും വധശിക്ഷ നല്‍കിയാല്‍ സ്വതന്ത്ര വ്യാപാരക്കരാറില്‍ നിന്ന് പിന്‍മാറുമെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞിരുന്നു.

എന്നാല്‍ കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് എന്‍.ഐ.എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

അക്രമം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ആണെന്നും അതിനാല്‍ സുവാ നിയമം ബാധകമാണെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടിയിരുന്നു.

കടല്‍ക്കൊലക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് അല്ലെന്നും അത്‌കൊണ്ട് തന്നെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് നേരത്തേ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.