കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി തീരുമാനം. ഇരുമുന്നണികളുടെയും ജനദ്രോഹ നിലപാടുകള്‍ ഉയര്‍ത്തിക്കാണിച്ച് പ്രചാരണം നടത്തുവാനും തീരുമാനമായി.

എസ്.ഡി.പി.ഐക്കു കീഴില്‍ തൊഴിലാളി പ്രസ്ഥാനം രൂപീകരിച്ചു പ്രവര്‍ത്തനം ശക്തിപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഇതിനായി സംസ്ഥാന സെക്രട്ടറി തുളസീധരന്‍ പള്ളിക്കലിനെയും അഡ്വ. സലീമിനെയും ചുമതലപ്പെടുത്തി. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംഘടന രൂപീകരിക്കാന്‍ സംസ്ഥാന സമിതിയംഗം പി അഹമ്മദ് ഷരീഫ് ചെയര്‍മാനായി സമിതിയെ നിയോഗിച്ചു. വനിതകള്‍ക്കു എല്ലാ മേഖലകളിലും പ്രാതനിധ്യം നല്‍കാനും വനിതകള്‍ക്കായി പ്രത്യേക വിഭാഗം രൂപീകരിക്കാനും തീരുമാനിച്ചു.

പാര്‍ട്ടിയുടെ നിയോജകമണ്ഡലം ഭാരവാഹികള്‍ക്ക് സംസ്ഥാനത്ത അഞ്ചു കേന്ദ്രങ്ങളിലായി പരിശീലനം നല്‍കും. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കും പ്രത്യേകം പരിശീലനം നല്‍കാനും തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് സമാഹരിക്കാന്‍ കഴിഞ്ഞ വോട്ടുകളുടെ എണ്ണം ആശാവഹമാണെന്ന് യോഗം വിലയിരുത്തി.