എഡിറ്റര്‍
എഡിറ്റര്‍
സുനന്ദയുടെ മരണം: തരൂരിനെതിരെ കേസെടുക്കാന്‍ എസ്.ഡി.എം നിര്‍ദേശിച്ചേക്കും
എഡിറ്റര്‍
Tuesday 21st January 2014 9:34am

sasi-sunantha2

ന്യൂദല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്‌തേക്കും. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനൂപ് കുമാറാണ് തരൂരിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യുക.

എസ്.ഡി.എമ്മിന്റെ റിപ്പോര്‍ട്ട് ഇന്ന് പോലീസിന് സമര്‍പ്പിക്കും. സുനന്ദയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇപ്പോഴും സ്ഥിരീകരിക്കാനായിട്ടില്ല. ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തേണ്ടത് പോലീസാണ്.

ഡ്രഗ് പോയിസണ്‍ എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇത് മരുന്നുകളുടെ അമിതോപയോഗം മൂലമാണോ അതോ വിഷാംശമുള്ള മരുന്ന് ആരെങ്കിലും നിര്‍ബന്ധിച്ച് നല്‍കിയതാണോ എന്ന് അന്വേഷിക്കണമെന്നും എസ്.ഡി.എം നിര്‍ദേശിക്കുന്നു.

വിഷയത്തില്‍ ശശി തരൂരിന്റേയും അദ്ദേഹത്തിന്റെ സഹായികളുടേയും ഹോട്ടല്‍ ജീവനക്കാരുടേയും എല്ലാം മൊഴി എടുക്കേണ്ടതുണ്ടെന്നും എസ്.ഡി.എം നിര്‍ദേശിക്കുന്നു.

30ലേറെ ഗുളികകള്‍ സുനന്ദ കഴിച്ചെന്നാണ് അനുമാനം. അമിത മരുന്നുപയോഗമാണ് മരണകാരണമെന്ന് വ്യക്തമാണ്.
അതേസമയം ശരീരത്തിലെ മുറിവുകള്‍ പിടിവലി നടന്നതിന്റെ ലക്ഷണമാകാം.

ശരീരത്തില്‍ കണ്ട മുറിപ്പാടുകള്‍ ഗാര്‍ഹിക പീഡനത്തില്‍നിന്ന് സംഭവിച്ചതാണെങ്കില്‍, മരണത്തിന് പ്രേരിപ്പിച്ച കുറ്റം തരൂരിനുമേല്‍ ചുമത്തേണ്ടിവരും.

സുനന്ദ കിടന്ന മുറി ഉള്ളില്‍നിന്ന് പൂട്ടിയിരുന്നെന്നാണ് ആദ്യം തരൂരിന്റെ സ്റ്റാഫ് സംഭവദിവസം പറഞ്ഞത്. എന്നാല്‍, വാതില്‍ അടച്ചിരുന്നില്‌ളെന്ന് എസ്.ഡി.എം കണ്ടത്തെിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.

വെള്ളിയാഴ്ച വൈകിട്ടാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലായ ലീലാ പാലസിന്റെ 345ാം നമ്പര്‍ മുറിയില്‍ സുനന്ദ പുഷ്‌കറെ മരിച്ചനിലയില്‍ കണ്ടത്തെിയത്. താടിയിലും കഴുത്തിലും കൈയിലും മുറിപ്പാടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Advertisement