ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ലെഡ്ജ് തുരന്നുള്ള കോര്‍ സാമ്പിള്‍ പരിശോധന അണക്കെട്ടില്‍ ആരംഭിച്ചു. ലെഡ്ജ് തുരന്നുള്ള പരിശോധനയെ തമിഴ്‌നാട് എതിര്‍ത്തിരുന്നു.

അണക്കെട്ട് നിര്‍മിക്കാനുപയോഗിച്ച സുര്‍ക്കി മിശ്രിതം പുനര്‍നിര്‍മിച്ചാണ് ബലപരിശോധന. സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ സീനിയര്‍ ശാസ്ത്രജ്ഞര്‍ വി.ടി ദേശായിയുടെ നേതൃത്വത്തിലാണ് സുര്‍ക്കി മിശ്രിതം പുന:സൃഷ്ടിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോര്‍ഹോള്‍ നിര്‍മ്മിച്ച് ശേഖരിച്ച സുര്‍ക്കി സാമ്പിളുകളുടെ ഗുണമേന്മ പരിശോധിക്കാനാണ് സുര്‍ക്കി മിശ്രിതം പുന:സൃഷ്ടിക്കുന്നത്.

Subscribe Us:

അണക്കെട്ട് നിര്‍മ്മിച്ചപ്പോള്‍ ഉണ്ടായിരുന്ന സുര്‍ക്കി മിശ്രിതത്തിന്റെ ഗുണമേന്മയും കാലപ്പഴക്കം കൊണ്ട് സംഭവിച്ച ബലക്ഷയവും പുതുതായി നിര്‍മ്മിച്ച സുര്‍ക്കി മിശ്രിതവുമായി താരതമ്യം ചെയ്താല്‍ മനസിലാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. സുര്‍ക്കി കോര്‍ സാമ്പിള്‍ അണക്കെട്ടിന്റെ 910 അടിയില്‍ നിര്‍മ്മിച്ച ബോര്‍ഹോളില്‍ നിന്ന് ലഭിച്ചിരുന്നു. 910 അടിവരെ തുരന്നാണ് ഈ സാമ്പിള്‍ ശേഖരിച്ചത്.

അണക്കെട്ട് നിര്‍മ്മിക്കാന്‍ സിമന്റിനു പകരം ഉപയോഗിച്ച ശര്‍ക്കരയും ചുണ്ണാമ്പും ചേര്‍ന്ന സുര്‍ക്കി മിശ്രിതമാണ് വീണ്ടും ഉത്പാദിപ്പിക്കുന്നത്. ഇതിനായി 116 വര്‍ഷം മുമ്പ് സുര്‍ക്കി മിശ്രിതം നിര്‍മ്മിച്ച പ്രദേശത്ത് നിന്ന് തന്നെയാണ് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ചത്.

കേരളം സുപ്രീംകോടതിയോടും ഉന്നതാധികാര സമിതിയോടും ആവശ്യപ്പെട്ടത് പ്രകാരമാണ് തമിഴ്‌നാട് എതിര്‍ത്തിട്ടും ലെഡ്ജ് തുരന്ന് പരിശോധന നടത്തുന്നത്. ഡാമിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തുന്നതിനുള്ള ഏറ്റവും നിര്‍ണായക പരിശോധനയാണിത്.