കഞ്ചിക്കോട്: പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മുടി വെട്ടിയതായി പരാതി. സ്‌ക്കൂളിലെ കൊമേഴ്‌സ് അധ്യാപകനായ പ്രദീപിന്റെ നേതൃത്വത്തില്‍ 50 ഓളം കുട്ടികളുടെ മുടി വെട്ടിയതാണ് വിവാദമായത്.

ഇന്നലെ രാവിലെ അസംബ്ലി കഴിഞ്ഞ് കുട്ടികളുടെ സ്‌ക്കൂളില്‍ വരാന്തയിലെ ഒരു പ്രത്യേക ഭാഗത്ത് നില്‍ക്കാന്‍ പറഞ്ഞു. അവിടെയെത്തിയ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ത്ഥികളുടെ മുടി വെട്ടുകയായിരുന്നു. പല വിദ്യാര്‍ത്ഥികളും കരഞ്ഞും, നിലവിളിച്ചും പ്രതിഷേധിച്ചെങ്കിലും അതൊന്നും അധ്യാപകര്‍ ചെവിക്കൊണ്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

മുടിവെട്ടി മുഖം വികൃതമായതിനെ തുടര്‍ന്ന് പല വിദ്യാര്‍ത്ഥികള്‍ക്കും മൊട്ടയടിക്കേണ്ടി വന്നു. അധ്യാപകരുടെ ഈ നടപടിയ്‌ക്കെതിരെ വന്‍പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

മുടി നീട്ടി വളര്‍ത്തുന്നത് സ്‌ക്കൂളിന്റെ പെരുമാറ്റചട്ടലംഘനമായതിനാലാണ് മുടിവെട്ടിയതെന്നാണ് അധ്യാപകരുടെ വിശദീകരണം. മുടി വെട്ടണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും, ഇതവഗണിച്ച വിദ്യാര്‍ത്ഥികളുടെ മുടിയാണ് വെട്ടിയതെന്നും അധ്യാപകര്‍ പറയുന്നു.

അതിനിടെ, ഇക്കാര്യം വിവാദമായതോടെ അധ്യാപകര്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നത് വിലക്കുകയും സ്‌ക്കൂളിന് പുറത്തുവച്ചുതന്നെ കുട്ടികളെ നിര്‍ബന്ധിച്ച് അകത്തേക്ക് കൊണ്ടുപോയതായും കുട്ടികള്‍ പറയുന്നു.