Administrator
Administrator
കലോത്സവ മാധ്യമപ്രവര്‍ത്തനത്തിന്റെ തുണിയുരിഞ്ഞുവീണ രാത്രി
Administrator
Saturday 16th January 2010 12:59pm

മാധ്യമ പ്രവര്‍ത്തകന്റെ ആദ്യവും അവസാനത്തെതുമായ ചുമതല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ്. എന്നാല്‍ നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുകയെന്നതിലുപരി കാര്യങ്ങള്‍ നടത്തിക്കാന്‍ തുടങ്ങി നമ്മുടെ മാധ്യമങ്ങള്‍. ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവാണ് ‘ക്രിയാത്മക’ ജേര്‍ണലിസത്തിന് വഴിയൊരുക്കിയത്. കോഴിക്കോട്ടെ കലോത്സവ റിപ്പോര്‍ട്ടുകള്‍ ഇത്തരത്തിലായിരുന്നു. സ്‌റ്റേജില്‍ പാടിയും ആടിയും കുഴങ്ങിയവരെ റിപ്പോര്‍ട്ടര്‍മാര്‍ നേരെ കൈപിടിച്ച് കെട്ടിയുണ്ടാക്കിയ സ്റ്റുഡിയോയില്‍ കൊണ്ടിരുത്തി ഞെക്കിപ്പാടിച്ചു.

മിമിക്രിക്കാരുടെ കാര്യമായിരുന്നു കഷ്ടം. ആവുന്ന ഗോഷ്ടികള്‍ കാണിച്ച്് അവര്‍ അവതാരകരെ ചിരിപ്പിച്ചു. മക്കള്‍ക്ക് പ്രോത്സാഹനമല്ലെ നാലാളുകള്‍ കാണട്ടെയെന്നെല്ലാം പറഞ്ഞ് നാട്ടുകാര്‍ എല്ലാം അനുവദിച്ച് കൊടുത്തു. അറിയാതെ മൂളിപ്പാട്ടു പാടിപ്പോയവരെ പോലും പിടിച്ച് തട്ടുസ്റ്റുഡിയോയില്‍ കൊണ്ടിരുത്തി പാടിച്ചു ലൈവായി സംപ്രേക്ഷണം ചെയ്തു. ഐ ജി ടോമിന്‍ തച്ചങ്കരി മുതല്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വരെയുള്ളവര്‍ അവിടെയിരുന്ന് തൊണ്ട പൊളിച്ചു. ചാനല്‍ റിപ്പോര്‍ട്ടര്‍ കൈപിടിച്ച് കൊണ്ട് പോവുന്ന കലാകരാന്‍മാരെ കണ്ണൊന്ന് തെറ്റിയാല്‍ മതി മറ്റേ ചാനലുകാരന്‍ റാഞ്ചും. ഇതായിരുന്നു അവസ്ഥ.

അവസരം കിട്ടുമ്പോഴെല്ലാം അയവിറക്കാറുള്ള ‘മാധ്യമസ്വാതന്ത്ര്യം’ എന്താണെന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ തെളിയിക്കുകയും ചെയ്തു. കപ്പിനു വേണ്ടി കിടപിടികൂടുന്നത് ഫോട്ടെയടുക്കാന്‍ ചെന്ന ഒരു പത്ര ഫോട്ടോഗ്രാഫര്‍ക്ക് ഏഷ്യാനെറ്റുകാരന്റെ വക ചെകിട്ടത്ത് കിട്ടി. രാഷ്ട്രീയക്കാരന്റെ ബസിന് കല്ലെറിയുമ്പോള്‍ ഒരു കല്ല് പാളി തങ്ങള്‍ക്ക നേരെ ചെന്നാല്‍ കൊടിപിടിക്കുന്നവര്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം എന്താണെന്ന് അറിഞ്ഞതും അറിയിച്ചതും അപ്പോഴാണ്.

എന്തെല്ലാമായിരുന്നു ചാനലുകാരും പത്രക്കാരും പറഞ്ഞത്. കലോത്സവം പണക്കൊഴുപ്പിന്റെ മേളയാണ്. രക്ഷിതാക്കളും പരിശീലകരുമാണ് മത്സരിക്കുന്നത്. കുട്ടികള്‍ വെറും ഇരകളാണ്. എന്നിട്ടിപ്പോള്‍ എന്തായി. അവസാനം കുട്ടികള്‍ കപ്പുമായിപ്പോയപ്പോള്‍ ചാനലുകാര്‍ തമ്മില്‍ തല്ലി. കലാനഗരമായ കോഴിക്കോടിന്റെ തിരുമുറ്റത്ത് അങ്ങിനെ നാണംകെട്ട ഒരു മാധ്യമ പ്രവര്‍ത്തനാനുഭവത്തിന് കലോത്സവത്തിന്റെ അവസാന ദിവസം രാത്രി സാക്ഷിയാകേണ്ടി വന്നു. കുട്ടികള്‍ അത് കണ്ട് അന്തം വിട്ടു. പകലന്തി അധ്വാനിച്ച് തങ്ങള്‍ നേടിയ കപ്പിന് ഇവരെന്തിനാ അടിപിടികൂടുന്നതെന്നായിരുന്നു കുട്ടികളുടെ ചോദ്യം. തെരുവ് യുദ്ധത്തിനിടെ സ്വര്‍ണക്കപ്പ് രണ്ടായി മുറിഞ്ഞു. കിട്ടിയ കഷ്ണവുമായി ചാനലുകാര്‍ ഓഫീസില്‍ കയറി ആദ്യമായി കപ്പ് തങ്ങള്‍ക്ക് കിട്ടിയെന്ന് പറഞ്ഞ് ലൈവ് തുടങ്ങി. നാട്ടുകാര്‍ ഈ രംഗം കണ്ട് കൂക്കി വിളിച്ചു. അങ്ങിനെ മാനാഞ്ചിറ മൈതാനത്ത് മാധ്യമപ്രവര്‍ത്തനം പൂത്തുലഞ്ഞു. കോഴിക്കോടിന്റെ കലാ സ്‌നേഹികള്‍ക്കും മികച്ച പ്രേക്ഷകര്‍ക്കും എന്നും ഓര്‍ക്കാനാവുന്ന അനുഭവമായിരുന്നു അത്.

സ്വര്‍ണ കപ്പുമായി വേദിക്കുവെളിയിലെത്തിയ കോഴിക്കോട് ടീം അംഗങ്ങളെ ആദ്യം സ്റ്റുഡിയോയില്‍ എത്തിച്ച് ചരിത്രം സൃഷ്ടിക്കാനാണ് ചാനല്‍ വീരന്‍മാര്‍ കൈമെയ് മറന്ന് രംഗത്തിറങ്ങിയത്. മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ന്യൂസ് ചാനലിനാണ് ആദ്യം കപ്പും കുട്ടികളെയും കിട്ടിയത്. എന്നാല്‍ ഉടന്‍ പാര്‍ട്ടി ചാനല്‍ രംഗത്തെത്തി അങ്ങിനെയങ്ങ് പോകാന്‍ വരട്ടെ, സമ്പൂര്‍ണ ചാനലിന്റെ ശ്രമം പാര്‍ട്ടി ചാനല്‍ തടഞ്ഞു. കപ്പിനു വേണ്ടി റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ പിടിവലിയായി. കുട്ടികളും മാധ്യമക്കാരും നിലത്തുവീണുരുണ്ടു. കൈക്കരുത്തില്‍ ഒടുവില്‍ കപ്പ് പാര്‍ട്ടി ചാനലിന് കിട്ടി. കപ്പ് കിട്ടിയതായി റിപ്പോര്‍ട്ടര്‍ ഉറക്കെ പ്രഖ്യാപിച്ചു. കപ്പുമായി സ്റ്റുഡിയോയിലേക്ക് കുതിക്കുന്നതിനിടെയാണ് നേരോടെ നിര്‍ഭയം വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന ചാനല്‍ രംഗത്തെത്തിയത്.

കപ്പില്‍ അവരും പിടിത്തമിട്ടു. ഇതിനിടെ കപ്പ് രണ്ട് കഷ്ണമായി. ഒടിഞ്ഞ കപ്പിന്റെ കിട്ടിയ പാതിയുമായി റിപ്പോര്‍ട്ടര്‍മാര്‍ കുട്ടികളെ വിളിച്ച് സ്റ്റുഡിയോയിലേക്ക് വെച്ചടിച്ചു. കപ്പ് ആദ്യം തങ്ങളുടെ സ്റ്റുഡിയോയിലെത്തിയെന്ന് അവകാശ വാദം നിരത്തി. കൈക്കരുത്തില്ലാത്ത ചാനല്‍ കുട്ടന്‍മാര്‍ നല്ലപിള്ളമാരായി. ഈ ചാനല്‍ മല്‍സരത്തിന് തങ്ങളില്ലെന്നും ഇത്തരം നീക്കങ്ങള്‍ തങ്ങളുടെതല്ലെന്നും മറ്റുള്ളവര്‍ പരസ്യപ്രഖ്യാപനം നടത്തി.

കോഴിക്കോടിന്റെ പ്രബുദ്ധരായ കലാസ്‌നേഹികള്‍ക്ക് ഒരു റിയാലിറ്റി ഷോയിലെ അനുഭവമായിരുന്നു. മാധ്യമപ്രവര്‍ത്തകരും മനുഷ്യരല്ലെ?. അവര്‍ക്കും മത്സര ബുദ്ധിയുണ്ടാകില്ലെ?. കപ്പും കുട്ടികളെയും സ്റ്റുഡിയോയില്‍ നിന്ന് ഹാജരാക്കാന്‍ ഡസ്‌കില്‍ നിന്നും ഉത്തരവ് കിട്ടിയാല്‍ പിന്നെ കളത്തിലിറങ്ങി കപ്പടിച്ച് മാറ്റിയില്ലെങ്കില്‍ പണി പ്രശ്‌നമാകും. അല്ലെങ്കിലും ഈ ഗോഷ്ടികളെല്ലാം ഒരു നേരത്തെ അന്നത്തിന് വേണ്ടി മാത്രമായി മാറിയില്ലെ ഇപ്പോള്‍. ഇവിടെയെന്ത് മാധ്യമപ്രവര്‍ത്തനം?, എന്ത് ധാര്‍മ്മികത? കയ്യൂക്കുണ്ടെങ്കില്‍ എക്‌സക്ലൂസീവടിക്കാം.

Advertisement