തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌ക്കൂള്‍ കുട്ടികളുമായി പോയ വാന്‍ പുഴയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ആറായി. അപകടത്തില്‍പ്പെട്ട ഒരു കുട്ടി കൂടി മരിച്ചു. ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ കഴിഞ്ഞ മാളവികയാണ് മരിച്ചത്. നേരത്തെ നാല് കുട്ടികളും നഴ്‌സറി ആയയുമുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചിരുന്നു.

അച്ചു, ഉജ്വല്‍, ആശ ബൈജു, ജിനന്‍, ആയ വട്ടിയൂര്‍ക്കാവ് സ്വദേശി ബിന്ദു എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ലോര്‍ഡ്‌സ് ആശുപത്രിയിലുള്ള റിസ്‌വാന്‍, റാഫി എന്നീ കുട്ടികള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. കിംസ് ആശുപത്രിയിലുള്ള ജാനകി അപകടനില തരണം ചെയ്തു. െ്രെഡവര്‍ സുമേഷിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

രാവിലെ എട്ടരയോടെ പേട്ട ലിറ്റില്‍ ഹാര്‍ട്ട് നഴ്‌സറി സ്‌കൂളിലെ കുട്ടികളെ കൊണ്ടുപോയിരുന്ന വണ്ടിയാണ് അപകടത്തില്‍ പെട്ടത്. സാധാരണ 14 കുട്ടികളാണ് വാനില്‍ യാത്ര ചെയ്യാറുണ്ടായിരുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഇന്ന് രണ്ട് കുട്ടികള്‍ ലീവായിരുന്നു. അതിനാല്‍ 12 കുട്ടികളാണ് ബസിലുണ്ടാവാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

ചാക്ക ബൈപ്പാസില്‍ കരിക്കകം ക്ഷേത്രത്തിന് സമീപം പാര്‍വതി പുത്തനാറിലേക്കാണ് വാന്‍ മറിഞ്ഞത്. റോഡിലെ കല്ലില്‍ തട്ടി നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പായല്‍ നിറഞ്ഞുകിടക്കുന്നതിനാല്‍ പാര്‍വതി പുത്തനാറില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, എം.എല്‍.എമാര്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തെത്തി. ആരോഗ്യമന്ത്രി പി.കെ.ശ്രീമതി ആശുപത്രിയിലെത്തിയിട്ടുണ്ട്. ഐ.ജിയോട് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.