മലപ്പുറം: അരീക്കോട് മണല്‍ ലോറിയും സ്‌കൂള്‍ വാനും കൂട്ടിയിടിച്ചു 23 കുട്ടികള്‍ക്കു പരുക്കേറ്റു. തെരട്ടമ്മല്‍ മജ്മ ഉല്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ വാനാണു മണല്‍ ലോറിയുമായി കൂട്ടിയിടിച്ചത്. രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അരീക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ 8.30ന് അരീക്കോട് പലത്തിനടുത്തുവച്ച് പോക്കറ്റ് റോഡിലൂടെ അമിതവേഗതയില്‍ വന്ന മണല്‍ലോറി സ്‌കൂള്‍ ബസിനെ ഇടിക്കുകയായിരുന്നു.
ഡ്രൈവര്‍ കുട്ടികളെ ബസില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മണല്‍ ലോറി ഓടിച്ചുപോയി. എന്നാല്‍ , വാളത്തറ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ റസാഖാണ് മണല്‍ ലോറി ഓടിച്ചതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടത്തിനുശേഷം അതുവഴി വന്ന പെരിന്തല്‍മണ്ണ ആര്‍ ഡി ഒ പി അബ്ദുറഹ്മാനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. മണല്‍ലോറികള്‍ക്കതിരെ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയശേഷം നാട്ടുകാര്‍ ആര്‍ ഡി ഒയെ വിട്ടയച്ചു.