ഗുജറാത്ത്: ദളിത് സ്ത്രീ ഭക്ഷണം പാകം ചെയ്തതിനാല്‍ ഉച്ചഭക്ഷണം കഴിക്കില്ലെന്ന് ഗുജറാത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ദളിത് സ്ത്രീ ഭക്ഷണം പാകം ചെയ്തതിനാല്‍ ഉച്ചഭക്ഷണം വേണ്ടെന്ന് വെച്ചിരിക്കുന്നത്.

Ads By Google

സാധാരണഗതിയില്‍ ഭൂരിഭാഗം കുട്ടികളും സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കഴിക്കുന്നത് വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രം. ഒരു ദളിത് സ്ത്രീ ഭക്ഷണം പാകം ചെയ്യാന്‍ എത്തിയതോടെയാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നത്.

സംഭവത്തെ കുറിച്ച്, സ്‌കൂളില്‍ ഭക്ഷണം പാകം ചെയ്യുന്ന ഭാവ്‌നാബെന്‍ പറയുന്നതിങ്ങനെ, ‘ഞാന്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം ഞങ്ങളുടെ ജാതിയില്‍ പെട്ടവരല്ലാതെ മറ്റ് കുട്ടികളാരും ഭക്ഷണം കഴിക്കാന്‍ വരാറില്ല.’

ഭാവ്‌നാബെന്‍ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത് മുതല്‍ ഉച്ചഭക്ഷണം ഉപേക്ഷിക്കാന്‍ പ്രദേശത്തെ മേല്‍ജാതിക്കാര്‍ നിര്‍ദേശിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പ്രദേശത്തെ ക്ഷത്രിയ വംശജരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതെന്ന് അധികൃതര്‍ പറയുന്നു.

കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ചെന്നും അതിന് ശേഷം കൂടുതല്‍ പേര്‍ ഭക്ഷണത്തിനായി വരാറുണ്ടെന്നും സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ഗീത വങ്കര്‍ പറയുന്നു.

ഭക്ഷണം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഭവന്‍ബെന്‍ സ്‌കൂളിലെ ജോലിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും ജില്ലാ ഭരണകൂടം ഇടപെട്ട് ഇവരെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചു.