എഡിറ്റര്‍
എഡിറ്റര്‍
‘സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അടക്കം 70 ശതമാനം അധ്യാപകരും ഹിന്ദുക്കളാണ്, ആരോടും വിവേചനം കാണിച്ചിട്ടില്ല’; പായസ വിവാദത്തില്‍ രക്ഷിതാവിന്റെ വാദങ്ങളെ തള്ളി സ്‌കൂള്‍ അധികൃതര്‍
എഡിറ്റര്‍
Saturday 29th July 2017 9:05pm

കോട്ടയം: മതവിശ്വാസം ഹനിക്കുമെന്ന കാരണം പറഞ്ഞ് ഒമ്പത് വയസ്സുകാരിയുടെ പിറന്നാള്‍ പായസം സ്‌കൂള്‍ അധികൃതരും അധ്യാപകരും നിരസിച്ച സംഭവം വിവാദമായിരുന്നു. ക്രിസ്ത്യന്‍ സഭയുടെ കീഴിലുള്ള സ്‌കൂളില്‍ പഠിക്കുന്ന തന്റെ മകള്‍ക്കുണ്ടായ അനുഭവമെന്ന് പറഞ്ഞു കൊണ്ടുള്ള ബൈജു സ്വാമി എന്നയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണം. വിഷയത്തില്‍ പ്രതികരണവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ തങ്ങള്‍ക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന വാദവുമായി സ്‌കൂള്‍ അധികൃതരും രംഗത്തെത്തിയിരിക്കുകയാണ്. ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിവില്ലെന്നാണ് സ്‌കൂള്‍ അഡ്മിനിസ്സ്ട്രേറ്റര്‍ ഫാ. കുര്യന്‍ അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ഇന്ന് രാവിലെയാണ് ഞാന്‍ ഈ സംഭവം അറിഞ്ഞത്. അതിന് ശേഷം ഞാന്‍ ഇക്കാര്യം അന്വേഷിച്ചു. അപ്പോള്‍ നാലാം ക്ലാസ്സിലെ ഒരു കുട്ടി ചെറിയ ഒരു പാത്രത്തില്‍ കുറച്ച് പായസവുമായി ക്ലാസ്സില്‍ വന്നുവത്രേ. ക്ലാസ് ടീച്ചറുടെ അടുത്ത് കുട്ടിയത് കൊണ്ടുചെന്നപ്പോള്‍ ‘മോളേ എനിക്ക് ഇപ്പോള്‍ പായസം വേണ്ട’ എന്ന് പറഞ്ഞു. സഹപാഠികള്‍ക്ക് കൊടുക്കാനാണോ കൊണ്ടുവന്നത് എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോള്‍, അല്ല, ഞാന്‍ അധ്യാപകര്‍ക്ക് കൊടുക്കാനാണ് കൊണ്ടുവന്നതെന്ന് പറഞ്ഞു. എന്നാല്‍ ഇന്റര്‍വെല്ലിന് അത് കൊടുക്കാം എന്ന് അധ്യാപിക പറഞ്ഞു. ആ ക്ലാസ് കഴിഞ്ഞ് ടീച്ചര്‍ പോയി. ടീച്ചര്‍ പിന്നീട് അക്കാര്യം ഓര്‍ത്തതുമില്ല, ചോദിച്ചതുമില്ല.


Also Read:  ‘ശ്വസിക്കുന്നത് ഹറാമാണെന്ന് എവിടേലും പറഞ്ഞിട്ടുണ്ടോ’; മകനൊപ്പം ചെസ് കളിച്ചതിന് സൈബര്‍ ആക്രമണവുമായെത്തിയ മതമൗലികവാദികള്‍ക്ക് ചുട്ടമറുപടിയുമായി മുഹമ്മദ് കൈഫ് 


ഏതെങ്കിലും മറ്റ് അധ്യാപകര്‍ക്ക് അത് കൊടുത്തിട്ടുണ്ടോ എന്ന് ആ ടീച്ചര്‍ക്ക് അറിയുകയുമില്ല. ഞാനന്വേഷിച്ചപ്പോള്‍ അത് കുട്ടി ആര്‍ക്കും കൊടുത്തതായി അറിവില്ല. കുട്ടി അത് തിരികെ വീട്ടില്‍ കൊണ്ടു പോയതായാണ് ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് കിട്ടിയ വിവരം. ഇവിടുത്തെ പ്രിന്‍സിപ്പല്‍ അടക്കം എഴുപത് ശതമാനത്തിലധികം അധ്യാപകര്‍ ഹിന്ദുക്കളാണ്. ഒരാളുടെയടുത്തും ഞങ്ങള്‍ ഇതേവരെ പ്രത്യേകമായ വിവേചനം കാണിക്കുകയോ, ഏതെങ്കിലും പ്രത്യേക കാര്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല’. എന്നായിരുന്നു ഫാദര്‍ കുര്യന്റെ പ്രതികരണം.

ക്രിസ്തീയ മതവിശ്വാസികളായ സഹപാഠികളും പായസം നിരസിച്ചത് തന്റെ മകളെ ഏറെ വേദനിപ്പിച്ചു. നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് താന്‍ ആ വിവരം അറിഞ്ഞതെന്നായിരുന്നു പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

അമ്പലത്തിലെ പായസമായതിനാല്‍ പ്രധാനാധ്യാപികയടക്കമുള്ളവര്‍ നിരസിച്ചുവെന്നും ഭാര്യയുടെ സുഹൃത്തും ഹിന്ദുവുമായ ഒരു അധ്യാപിക മാത്രമാണ് പായസം കഴിക്കാന്‍ തയ്യാറായതെന്നുമായിരുന്നു ബൈജു സ്വാമി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. മകള്‍ പഠിക്കുന്ന സ്‌കൂള്‍ കോട്ടയം രൂപതയുടെ കീഴിലുള്ളതാണെന്നും അവിടുത്തെ ഭൂരിഭാഗം അധ്യാപകരും ക്രിസ്ത്യന്‍ പശ്ചാത്തലം ഉള്ളവരാണെന്നുമായി പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഇതിനിടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ദ വിജിലന്റ് കാത്തലിക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണവുമടക്കം പോസ്റ്റ് ഇട്ടിരുന്നു.


Don’t Miss:  ‘മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാവാം എന്നു പറയുന്നു, അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം?; അഭിനയിക്കും അതല്ലാതെ വേറെന്നും എന്റെ അടുത്തുനിന്ന് കിട്ടില്ലെന്നവര്‍ക്കറിയാം’; തുറന്നടിച്ച് പത്മപ്രിയ 


‘തന്റെ കുട്ടിക്ക് അവിടെയുള്ള ഒരു കത്തോലിക്കാ സ്‌കൂളില്‍ നിന്നും മതവിശ്വാസത്തിന്റെ പേരില്‍ ഒരു ദുരനുഭവമുണ്ടായി’ എന്ന ബൈജു സ്വാമിയെന്ന രക്ഷിതാവിന്റെ പോസ്റ്റ് ആധികാരികമായാണ് പല ഓണ്‍ലൈന്‍ പോര്‍ട്ടലുകളും അവതരിപ്പിച്ചത്. എന്നാല്‍ ബൈജു സ്വാമിയെന്ന പ്രൊഫൈല്‍ വ്യാജമാണോ എന്ന സംശയമുണ്ടെന്നുമാണ് ദ വിജിലെന്റ് കാത്തലിക്ക് പറയുന്നത്.

പോസ്റ്റിന്റെ ഒടുവില്‍ പ്രസ്തുത സ്‌കൂളിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതരുടേതായ വിശദീകരണവും നല്‍കിയിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘എന്റെ ഏക മകള്‍ 9 വയസുകാരിയും ഒരു കോണ്‍വെന്റ് സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുമാണ്. അവള്‍ വളരെ അഗ്രസീവ് ആയ വായാടിയായതുകൊണ്ട് സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ മുതല്‍ പ്യൂണ്‍ വരെ ഉള്ളവരുടെ ”സുഹൃത്താണ്”. ഇന്നലെ ഞാന്‍ ഒരു യാത്ര കഴിഞ്ഞു രാത്രി വൈകി വീട്ടില്‍ എത്തിയപ്പോളും മകള്‍ കരഞ്ഞു കൊണ്ട് ആഹാരം കഴിക്കാതെ ഇരിക്കുകയായിരുന്നു. ഭാര്യയോട് കാര്യം അന്വേഷിച്ചപ്പോള്‍ ഭാര്യ പൊട്ടിത്തെറിക്കുന്നു. സംഭവം ഇങ്ങനെ.

മിനിഞ്ഞാന്ന് മകളുടെ 9 വയസു തികയുന്ന കര്‍ക്കിടകത്തിലെ പൂരം ആയിരുന്നു. ഭാര്യയും മകളും കൂടി അടുത്തുള്ള ദേവീ ക്ഷേത്രത്തില്‍ കുറെ പൂജകളും അന്നദാനവും കുറെ അധികം കിട്ടുന്ന ആറുനാഴി, കൂട്ട് പായസം എന്ന് വിളിക്കുന്ന അതീവ രുചിയുള്ള പായസവും ഒക്കെ ഉണ്ടാക്കിയിരുന്നു. അന്ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ആ പായസം വീട്ടില്‍ എത്തിച്ചിരുന്നു. ഇന്നലെ മകള്‍ ആ പായസത്തില്‍ കുറെ അധികം സ്‌കൂളില്‍ അവളുടെ ക്ളാസ് മേറ്റുകള്‍ക്കും അധ്യാപകര്‍ക്കും കൊടുക്കാനായും സ്വീറ്റ്‌സും ഒക്കെ വാങ്ങി കൊണ്ട് പോയിരുന്നു. അത് അവള്‍ വിതരണം ചെയ്തപ്പോള്‍ ഒരു ടീച്ചര്‍ ഒഴികെ പ്രിന്‍സിപ്പല്‍ അടക്കം എല്ലാവരും കഴിക്കാതെ ഇരുന്നാണ് മകളുടെ കരച്ചിലിന് കാരണം. അതിലെന്താണ് കരയുന്നത് എന്ന് ചോദിച്ചപ്പോളാണ് ഭാര്യയുടെ ചിന്തോദീപകമായ മറുപടി എന്നെ ഭൂമിയിലേക്ക് തിരിച്ചെത്തിച്ചത്. അവള്‍ പറഞ്ഞ വസ്തുത എന്നെ കേരളത്തിന്റെ അടിസ്ഥാനമായ ഒരു നീറുന്ന യാഥാര്‍ഥ്യത്തിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്യിച്ചു. ഈ സ്‌കൂള്‍ കോട്ടയം രൂപതയുടെ കീഴില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. പഠിപ്പിക്കുന്നവരില്‍ സിംഹ ഭാഗവും ക്രിസ്ത്യന്‍ പശ്ചാത്തലം ഉള്ള ആളുകളും. അമ്പലത്തിലെ പായസം അവരുടെ മത വിശ്വാസത്തെ ഹനിക്കുന്നത് കൊണ്ടാണ് അവര്‍ കഴിക്കാത്തതത്രേ. എനിക്ക് ആ വാദം അത്ര ശെരിയായി തോന്നാത്തത് കൊണ്ട് ഞാന്‍ ഭാര്യയോട് താത്വിക ലൈനില്‍ ഒരു ടീച്ചര്‍ കഴിച്ചല്ലോ എന്ന് വാദിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞ മറുപടി സത്യമല്ല എന്ന് വാദിക്കാന്‍ എനിക്കാവില്ല. പായസം വാങ്ങിയ ഏക ടീച്ചര്‍ ഹിന്ദു ആണെന്നും ഭാര്യയുടെ സുഹൃത്താണെന്നും എന്താണുണ്ടായതെന്നു എന്റെ ഭാര്യ വിളിച്ചു ചോദിക്കുകയും ചെയ്തത്രേ. ഇനി പറയുന്ന കാര്യമാണ് എന്നെ കേരളത്തിന്റെ യെതാര്‍ത്ഥ അവസ്ഥ ബോധ്യപ്പെടുത്തിയത്. ക്ളാസില്‍ അവള്‍ കുട്ടികള്‍ക്ക് കൊടുത്ത പായസം പോലും ഇത് പോലെ കൊതിയുണ്ടെങ്കിലും മറ്റു സമുദായത്തിലുള്ള കുട്ടികള്‍ കഴിച്ചില്ല അത്രേ. അവരെ വീട്ടുകാര്‍ ഇത് പോലെ വിലക്കിയിട്ടുണ്ടത്രെ..!

ഫേസ്ബുക്കിലൂടെ മതേതരത്വം ഹോമിയോ മരുന്ന് പോലെ രോഗാതുരമായ സമൂഹത്തിനു വിളമ്പുന്ന ഒരു മതേതര വാദി ആയ എനിക്ക് ഇതൊരു റിയാലിറ്റി ചെക്ക് ആയിരുന്നു. വര്‍ഗീയത എന്ന വിഷം അടുത്ത തലമുറയിലും കുത്തി വെയ്ക്കുന്ന ഇത്തരം സ്‌കൂളുകള്‍ എന്തിനു വേണം എന്നാണ് ഞാന്‍ ആലോചിച്ചത്. നമ്മളോ നശിച്ചു, അടുത്ത തലമുറ എങ്കിലും മനുഷ്യത്വമുള്ള കാഴ്ചപ്പാടോടെ ജീവിക്കാനാവശ്യമായ കാര്യം പറഞ്ഞു കൊടുത്തു കണ്ണ് തുറക്കേണ്ട സ്ഥാപനങ്ങള്‍ അല്ലെ സ്‌കൂളുകള്‍? കാരുണ്യം എന്നൊക്കെ സാധാരണക്കാരെ ഉത്ബോധിപ്പിച്ചു മനുഷ്യന് വേണ്ടി കുരിശിലേറിയ യേശുവിന്റെ പേരില്‍ ളോഹ ധരിച്ചു നടക്കുന്ന കുറെ ആഭാസന്മാര്‍ അടുത്ത തലമുറയെ പോലും വിഷ വിത്തുകള്‍ ആക്കാനുള്ള ട്രെയ്‌നിങ് അല്ലെ കൊടുക്കുന്നത്.
ഞാന്‍ എന്റെ ഫേസ് ബുക് സുഹൃത്തുക്കളോട് ഇവിടെ ചോദിക്കുന്നു. ഇക്കാര്യത്തില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്? ആരോടാണ് പരാതിപ്പെടേണ്ടത്? സാഹചര്യം മുതലെടുക്കാന്‍ വന്നു എന്നില്‍ വിഷം കുത്തിവയകാനുള്ള ശ്രമം വേണ്ട. അവര്‍ കുഴിക്കുന്ന കുഴിയില്‍ അടുത്ത തലമുറ വീഴാതെ ഇരിക്കാനുള്ള ശ്രമം ആണ് എന്റേത്. ക്രിയാത്മകമായ മറുപടി ഉണ്ടാവണം’

Advertisement