തിരുവനന്തപ്പുരം: കഠിനംകുളം ചാന്നാങ്കരയില്‍ പുഴയിലേക്ക് മറിഞ്ഞ സ്‌ക്കൂള്‍ വാന്‍ ഓടിച്ചത് ഡ്രൈവര്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നേരത്തെ ക്ലീനര്‍ ഷിബിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഇപ്പോള്‍ ഡ്രൈവര്‍ ജെഫേഴ്‌സണ്‍ ഒന്നാം പ്രതിയും ക്ലീനര്‍ ഷിബിന്‍ രണ്ടാം പ്രതിയും ആണ്. ദൃസാക്ഷികളുടെയും അപകടത്തില്‍ പെട്ട കുട്ടികളുടെയും മൊഴിയെടുത്താണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. തുമ്പ സെന്റ് ആന്‍ഡ്രൂസ് ജ്യോതിനിലയം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു വാനിലുണ്ടായിരുന്നത്. െ്രെഡവറെയും ക്ലീനറെയും കൂടാതെ 23 വിദ്യാര്‍ത്ഥികളാണ് വാനിലുണ്ടായിരുന്നത്. വാനിന്റെ ക്ലീനര്‍ ഷിബിന്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു.

ആറ്റിന് സമാന്തരമായി സംരക്ഷണഭിത്തി ഇല്ലാത്തതാണ് അപകട കാരണമായി പോലീസ് കരുതുന്നത്. അപകടം നടന്നതിനു തൊട്ടടുത്ത് ഒരു വിദ്യാര്‍ഥിയെ ഇറക്കിയശേഷം മുന്നോട്ട് പോയ വാന്‍ റോഡിന്റെ വശത്തുനിന്ന് മറിയുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.