ഇടുക്കി: മൂന്നാറില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. മൂന്നാറിനടുത്ത് ഗ്യാപ് റോഡില്‍വെച്ചാണ് സ്‌കൂള്‍ബസ് 200 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.

Ads By Google

ഉടമ്പഞ്ചോല കല്ലുപാലം വിജയ്മാത സ്‌കൂളിന്റെ ബസ്സാണ് മറിഞ്ഞത്. ബസ്സില്‍ 50 ഓളം പേര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

ഇന്ന് അവധിദിനമായതിനാല്‍ മറയൂരിലേക്ക് വിനോദയാത്ര പോകുകയായിരുന്നു സംഘം. വിജയ് മാത സ്‌കൂളിലെ അധ്യാപകരും മറ്റ് ജീവനക്കാരുമാണ് ബസില്‍ ഉണ്ടായിരുന്നത്.

ചിന്നക്കലാനിന് സമീപം വളവ് തിരിയുമ്പോള്‍ എതിരെ വന്ന മറ്റൊരു വാഹനത്തിന് വഴികൊടുക്കുമ്പോഴാണ് ബസ് താഴ്ചയിലേക്ക് മറയുന്നത്.

ബസ് അപകടത്തില്‍പ്പെട്ടയുടന്‍ തന്ന നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ എല്ലാവരേയും ടാറ്റാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.