കൊച്ചി : പുത്തന്‍ പ്രതീക്ഷകളുമായി 55 ാം സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്നു തുടങ്ങി. 14 ജില്ലകളില്‍ നിന്നായി 2500 ഓളം താരങ്ങളാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിന്റെ സിന്തറ്റിക് ട്രാക്ക്ില്‍ ഇന്നുമുതല്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിക്കപ്പെടും. മത്സരത്തിനിറങ്ങുന്ന താരങ്ങളെയെല്ലാം ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്നതും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.
മേളയിലെ ആദ്യഫലം പുറത്തുവന്നപ്പോള്‍  ആദ്യ മൂന്ന് സ്വര്‍ണവും പാലക്കാട് ജില്ല നേടി. മീറ്റിലെ ആദ്യ ഇനമായിരുന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പാലക്കാട് പറളി എച്ച്എസിലെ എം.വി.വര്‍ഷയാണ് സ്വര്‍ണം നേടിയത്. പാലക്കാടിന് തന്നെയാണ് ഈയിനത്തില്‍ വെള്ളിയും. മുണ്ടൂര്‍ എച്ച്എസിലെ കെ.കെ.വിദ്യയാണ് വെള്ളി നേടിയത്. തുടര്‍ന്ന് നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ മുണ്ടൂര്‍ എച്ച്എസിലെ പി.യു.ചിത്ര സ്വര്‍ണം നേടി. പറളിയുടെ എം.ഡി.താരയ്ക്കാണ് വെള്ളി.        മീറ്റിലെ ആദ്യ റെക്കോര്‍ഡ് പാലക്കാടിന്റെ മുഹമ്മദ് അഫ്‌സല്‍ നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പറളി സ്‌കൂളിന്റെ മുഹമ്മദ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പറളിയുടെ തന്നെ ജെ.സതീഷിനാണ് ഈയിനത്തില്‍ വെള്ളി. സീനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ വയനാട് സിഎച്ച്എസിലെ രാഹുല്‍ രാജാണ് സ്വര്‍ണം നേടിയത്.