എഡിറ്റര്‍
എഡിറ്റര്‍
അംബേദ്കര്‍ കാര്‍ട്ടൂണ്‍ വിവാദം: എന്‍.സി.ഇ.ആര്‍.ടിയില്‍ നിന്നും രണ്ടുപേര്‍ രാജിവെച്ചു
എഡിറ്റര്‍
Saturday 12th May 2012 9:53am

ന്യൂദല്‍ഹി: കാര്‍ട്ടൂണ്‍ വിവാദത്തില്‍ പ്രതിഷേധിച്ച് എന്‍.സി.ആര്‍.ടിയിലെ രണ്ട് വിദഗ്ധര്‍ രാജിവെച്ചു. രാഷ്ട്രമീമാംസകര്‍ യോഗേന്ദ്ര യാദവും സുഹാസ് പലാശികാറുമാണ് രാജിവെച്ചത്. എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ പ്രസിദ്ധീകരിച്ചുവന്ന ഭരണഘടനാ ശില്‍പ്പി ഡോ.ബി.ആര്‍ അംബേദ്കറെ അപമാനിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണാണ് വിവാദമായത്.

കാര്‍ട്ടൂണിനെ ചൊല്ലി ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളമുണ്ടായി. കാര്‍ട്ടൂണ്‍  പ്രസിദ്ധീകരിക്കാനിടയായതില്‍ മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ മാപ്പു പറഞ്ഞു. പാഠപുസ്തകത്തില്‍ നിന്ന് കാര്‍ട്ടൂണ്‍ നീക്കാന്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ മന്ത്രിയുടെ ഉറപ്പിനുശേഷവും ബഹളം തുടര്‍ന്നു. ഇതോടെ സഭ ഇന്നലത്തേക്ക് പിരിഞ്ഞു.

പാഠപുസ്തകം തയ്യാറാക്കിയ 2006ല്‍ തനായിരുന്നില്ല വകുപ്പ് മന്ത്രിയെന്നും എന്നാല്‍ പുസ്തകം പ്രസിദ്ധീകരിച്ചത് തന്റെ കാലത്താണെന്നും സിബല്‍ പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അംബേദ്കറെ അപമാനിക്കുന്നതോ കളിയായി ചിത്രീകരിക്കുന്നതോ അംഗീകരിക്കാനാകില്ല. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിന് വിരുദ്ധമാണിത്. വിഷയം സഭയിലെത്തുന്നതിന് മുമ്പ് തന്നെ നടപടികളെടുത്തിട്ടുണ്ട്.

ഇതുസംബന്ധിച്ച് അന്വേഷിച്ച കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പുസ്തകത്തില്‍ നിന്ന് വിവാദ കാര്‍ട്ടൂണ്‍ നീക്കം ചെയ്യാന്‍ ഏപ്രില്‍ 27ന് എന്‍.സി.ഇ.ആര്‍.ടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവാദ കാര്‍ട്ടൂണ്‍ ഉള്ള പാഠഭാഗങ്ങള്‍ അച്ചടിക്കേണ്ടതില്ലെന്ന് പ്രസാധകര്‍ക്ക് നിര്‍ദേശം നല്‍കിയതായും സിബല്‍ അറിയിച്ചു.

തമിഴ്‌നാട്ടിലെ എന്‍.സി.ഇ.ആര്‍.ടി 11ാം ക്ലാസ് രാഷ്ട്രതന്ത്രം പുസ്തകത്തിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഭരണഘടനാ ശില്‍പ്പിയായ ഡോ. അംബേദ്കര്‍ ഒച്ചിന്റെ പുറത്തിരുന്ന് ഭരണഘടന എഴുതുകയും പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു ഒച്ചിന് പിറകില്‍ നിന്ന് അടിക്കുന്നതുമാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരുന്നത്.

ഭരണഘടനാ രൂപവത്കരിക്കുന്നതില്‍ അംബേദകര്‍ കാലതാമസം വരുത്തിയതായും പാഠപുസ്തകത്തില്‍ പരാമര്‍ശമുണ്ട്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ ശങ്കര്‍ 1950ല്‍ വരച്ചതാണ് ഈ കാര്‍ട്ടൂണ്‍. 2006 മുതല്‍ എസ്.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകത്തിലുണ്ട്.

പാഠപുസ്തകത്തിലെ വിവാദ കാര്‍ട്ടൂണ്‍ നീക്കണമെന്നും ഉത്തരവാദികളായിവര്‍ക്കെതിരെ നടപടിയെടുക്കരണമെന്നും തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement