sachin-injury-1ജോഹന്നാസ്ബര്‍ഗ്: ഹോട്ടല്‍ മുറിയില്‍ വീണ് സച്ചിന്‍ തെന്‍ഡുല്‍ക്കറിനു പരുക്ക്. ചാമ്പ്യന്‍സ് ട്രോഫിയിലെ വെസ്റ്റ് ഇന്‍ഡീസുമായുള്ള മത്സരത്തിന്റെ തലേന്നാണ് സംഭവം. ജോഹന്നാസ് ബര്‍ഗിലെ ഇന്ത്യന്‍ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ഭക്ഷ്യവിഷബാധയേറ്റ് ക്ഷീണിതനായതാണ് അപകടത്തിന് കാരണം. ഇതെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്നു സച്ചിന്‍ വിട്ടു നിന്നു. മെയില്‍ ടുഡെ എന്ന ടാബ്ലോയ്ഡിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി, ആശിഷ് നെഹ്‌റ, ഹര്‍ഭജന്‍ സിങ് എന്നിവരോടൊപ്പമാണ് സച്ചിന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. ചോറും മീന്‍കറിയുമാണ് ഇവര്‍ ഹോട്ടലില്‍ നിന്നു കഴിച്ചതെന്നും പറയുന്നു. മേശയില്‍ മുഖമിടിച്ച് വീഴുകയായിരുന്നു. മൂക്കിന് സമീപത്ത് മുഖത്തിന്റെ വലതുഭാഗത്തും ഇടതുകണ്ണിന് താഴെയുമാണ് പരിക്കുള്ളത്.

എന്നാല്‍ ഹോട്ടലില്‍ നിന്നല്ല, ഓസ്‌ട്രേലിയക്കെതിരായ, മഴമൂലം ഉപേക്ഷിക്കപ്പെട്ട മത്സരത്തിനിടെയാണ് ഭക്ഷ്യവിഷബാധയേറ്റതെന്നു കരുതുന്നതായി സച്ചിന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സ്‌റ്റേഡിയത്തില്‍ വച്ച് മഴവെള്ളം ഭക്ഷണത്തില്‍ കലര്‍ന്നതായും ഒരുപക്ഷേ അതില്‍ നിന്നാണ് ഇന്‍ഫെക്ഷന്‍ ഉണ്ടായതെന്നും സച്ചിന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, സചിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ഇന്ത്യന്‍ ടീം മാനേജര്‍ അനുരാഷ് താക്കൂര്‍ പറഞ്ഞു.