ന്യൂദല്‍ഹി: മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.

വ്യാജ സമുദായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതി കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കൊടിക്കുന്നിലിനോട് തോറ്റ സി പി ഐ സ്ഥാനാര്‍ത്ഥി ആര്‍ എസ് അനിലും മൂന്നുപേരുമായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

സുരേഷ് മലങ്ക കത്തോലിക്കാസഭ അംഗമാണെന്നും തിരഞ്ഞെടുപ്പിന് നിയമസാധുതയില്ലെന്നും ആര്‍ എസ് അനില്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

എന്നാല്‍ കൊടിക്കുന്നില്‍ സുപ്രീംകോടതിയെ സമീപിക്കുകയും ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന നിയമയുദ്ധത്തിനൊടുവിലാണ് കൊടിക്കുന്നിലിന് അനുകൂലമായ വിധിയുണ്ടായത്.

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. എതിര്‍സ്ഥാനാര്‍ത്ഥിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മറ്റ് ചില തല്‍പ്പരകക്ഷികളുമാണ് തനിക്കെതിരേ പ്രവര്‍ത്തിച്ചതെന്നും ഇത് സുപ്രീംകോടതി തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു.