Categories

തിയേറ്ററുകളിലെ ദേശീയ ഗാനം: ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി. 2016 നവംബറിലാണ് തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കി കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.

രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഒരാള്‍ക്ക് രാജ്യസ്‌നേഹ കുപ്പായം എപ്പോഴും ധരിച്ചു നടക്കാന്‍ കഴിയില്ലെന്നും ഇതിന്റെ പേരിലുള്ള മോറല്‍ പൊലീസിങ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പലരും ഉത്തരവ് അനുസരിക്കുന്നത് രാജ്യദ്രോഹവിളി കേള്‍ക്കാതിരിക്കാനാണെന്നും രാജ്യസ്‌നേഹം പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. ദേശീയഗാനത്തിന് ജനങ്ങള്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും കോടതിയുടെ ചുമലില്‍ വെക്കേണ്ടെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക്മിശ്ര ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചുദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുനപരിശോധിക്കുമെന്ന് അറിയിച്ചത്. തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയിരുന്നത് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു.

ജനങ്ങള്‍ തിയേറ്ററുകളില്‍ പോകുന്നത് പരിധികളില്ലാത്ത വിനോദത്തിന് വേണ്ടിയാണെന്നും സമൂഹത്തിന് വിനോദം ആവശ്യമാണെന്നും ബഞ്ചില്‍ അംഗമായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചുത് പറഞ്ഞു.

ഇന്ത്യ വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണെന്നും ഇതിനാല്‍ ഒത്തൊരുമ കൊണ്ടുവരാന്‍ തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയോട് പറഞ്ഞിരുന്നു.