ന്യൂദല്‍ഹി: ലളിത് മോഡിയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി സി സി ഐ) യും തമ്മിലുള്ള ശീതയുദ്ധത്തില്‍ സുപ്രീംകോടതി ഇടപെടുന്നു. ഇരുവരും തമ്മിലുള്ള നിയമയുദ്ധം രമ്യതയില്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട പ്രത്യേക വാദത്തിനുശേഷമാണ് സുപ്രീംകോടതി നയം വ്യക്തമാക്കിയത്.

മെഹമൂദ് ആബ്ദിയാണ് മോഡിക്കായി സുപ്രീംകോടതിയില്‍ ഹാജരായത്. പ്രശ്‌നത്തില്‍ ഇരുകൂട്ടര്‍ക്കു സ്വീകാര്യമായ രീതിയില്‍ പരിഹാരം കാണാന്‍ മോഡി ആഗ്രഹിക്കുന്നുണ്ടെന്ന് ആബ്ദി കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 27 നു മുമ്പ് പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഇന്ത്യയിലേക്ക് തിരച്ചുവരാനാകില്ലെന്നും ബ്രിട്ടനിലുള്ള ലളിത് മോഡി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിട്ടുണ്ട്.

മോഡിക്കെതിരേ ബി സി സി ഐ നേരത്തേ ബാംഗ്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എം എം എസ് വഴി മോഡി തനിക്കെതിരേ ദുഷ്പ്രചരണം നടത്തുന്നുവെന്നാരോപിച്ച് പ്രസിഡന്റ് എസ് ശ്രീനിവാസനാണ് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് ലളിത് മോഡിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.