അനധികൃത ഖനനം: എസ്.എം കൃഷ്ണക്കെതിരായ നടപടിക്ക് സ്‌റ്റേ
ന്യൂദല്‍ഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണക്കെതിരായ കര്‍ണാടക ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണു സ്‌റ്റേ. ജസ്റ്റിസുമാരായ അല്‍ താമസ് കബീര്‍, ഗ്യാന്‍ സുധ മിശ്ര എന്നിവരടങ്ങുന്ന ബഞ്ചാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്.
കര്‍ണാടക ലോകായുക്ത പൊലീസ് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനാണു എസ്.എം കൃഷ്ണ സ്‌റ്റേ നേടിയിരിക്കുന്നത്. കൃഷ്ണയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ലോകായുക്ത നടപടിയെ അപക്വമെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിനും ലോകായുക്തക്ക് പരാതി നല്‍കിയ വ്യക്തിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം വിശദീകരണം ലഭിക്കണമെന്നാണ് നിര്‍ദേശം.
ലോകായുക്ത സന്തോഷ് ഹെഗ്‌ഡെയാണ് കേസന്വേഷണത്തിന് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കിയത്. മറ്റൊരു റിപ്പോര്‍ട്ട് വരാതെ തുടരന്വേഷണം നടത്തരുതെന്നും കോടതി പറഞ്ഞു. ക്യാബിനെറ്റ് സംയുക്തമായി എടുത്ത തീരുമാനമായിരുന്നു അതെന്നും അതിന്റെ പേരില്‍ ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് കൃഷ്ണയുടെ വാദം.
1999-2004 ല്‍ എസ്.എം കൃഷ്ണ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 11,620 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി ഖനനത്തിനായി പതിച്ചു നല്‍കിയെന്നായിരുന്നു ആരോപണം. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് ലോകായുക്ത പോലീസ് അന്വേഷണം നടത്തിയത്.
Malayalam News
Kerala News in English
