എഡിറ്റര്‍
എഡിറ്റര്‍
സി.ബി.ഐ ഭരണഘടനാവിരുദ്ധം: ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ
എഡിറ്റര്‍
Saturday 9th November 2013 5:16pm

supreme-court-new-2

ന്യൂദല്‍ഹി: രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്ത് ഗുവഹാത്തി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ.

സി.ബി.ഐ രൂപീകരണം അസാധുവാക്കിയ ഗുവഹാത്തി ഹൈക്കോടതിയുടെ വിധിയാണ് പരമോന്നത കോടതി സ്‌റ്റേ ചെയ്തത്. കേന്ദ്രസര്‍ക്കാറിന്റെ അപ്പീലിലാണ് ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ്.

ഗുവാഹത്തി ഹൈക്കോടതിയുടെ വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വാഹന്‍വതിയാണ് കേന്ദ്രത്തിനായി അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്.

ചീഫ് ജസ്റ്റിസ് പി. സദാശിവം ജസ്റ്റിസ് രഞ്ചനാ ദേശായി എന്നിവരടങ്ങുന്ന ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഡിസംബര്‍ ആറിന് കേസ് വിശദമായി വീണ്ടും പരിഗണിക്കും.

കേസിലെ കക്ഷികളായ അഭ്യന്തര മന്ത്രാലയത്തിനും സി.ബി.ഐക്കും നോട്ടീസയക്കാനും കോടതി ഉത്തരവിട്ടുണ്ട്.  അവധി ദിവസമായിട്ടും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ ചേര്‍ന്നാണ് ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

സി.ബി.ഐ രൂപീകരണം ഭരണഘടനാ വിരുദ്ധമെന്ന ഗുവഹാത്തി ഹൈക്കോടതിയുടെ സുപ്രധാനമായ വിധി ജസ്റ്റിസ് ഇഖ്ബാല്‍ അഹമ്മദ്, ജസ്റ്റിസ് ഇന്ദിര ഷാ എന്നവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് പ്രസ്താവിച്ചത്.

എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ കുറ്റാന്വേഷണ ഏജന്‍സി രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം ഏജന്‍സികള്‍ രൂപീകരിക്കണമെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ടതാണെന്നുമാണ് കോടതി പ്രസ്താവിച്ചത്.

2 ജി അഴിമതിക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ സി ബി ഐയ്‌ക്കെതിരായ വിധിയുടെ പശ്ചാത്തലത്തില്‍ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ചത്.

ആസാമിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ നവനീതകുമാര്‍ നല്‍കിയ റിട്ട് ഹരജിയിലാണ് ഗുവാഹാത്തി ഹൈക്കോടതി സി.ബി.ഐയ്ക്ക് നിയമസാധുതയില്ലെന്ന വിധി പ്രസ്താവിച്ചത്.

1963 ഏപ്രില്‍ ഒന്നിന് അന്നത്തെ കേന്ദ്രആഭ്യന്തര മന്ത്രിയായിരുന്ന കെ. ബി. വിശ്വനാഥ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറിനെ തുടര്‍ന്നാണ് സി.ബി.ഐ നിലവില്‍ വന്നത്.

ദല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സി.ബി.ഐ പ്രവര്‍ത്തിക്കുക എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.
ഈ ഉത്തരവും ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Advertisement