ന്യൂദല്‍ഹി: സമൂഹ്യപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്റ്റ സെറ്റില്‍വാദിനെതിരെ കേസെടുക്കാന്‍ തീരുമാനിച്ച നരേന്ദ്ര മോഡി സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ടീസ്റ്റയെ വ്യാജ കേസില്‍ പെടുത്താനുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ വ്യാജ ശ്രമമാണിതിനു പിന്നിലെന്ന് സുപ്രീംകോടതി പറഞ്ഞു.

2002ലെ ഗോധ്ര കാലപക്കേസില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ടീസ്റ്റയ്‌ക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ കേസിനൊരുങ്ങിയത്. ജസ്റ്റീസുമാരായ അഫ്താബ് ആലം, രഞ്ജനാ ദേശായ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം പരിഗണിച്ചത്. തനിക്കെതിരെ കേസെടുത്തത് റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ടീസ്റ്റ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ടീസ്റ്റക്കെതിരെയുള്ളത് തികച്ചും കള്ളക്കേസാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ എഫ്.ഐ.ആര്‍ മനസിലാക്കിയ ശേഷം ഗുജറാത്ത് സര്‍ക്കാരിനോട് ഈ കേസുമായി മുന്നോട്ട് പോകരുതെന്ന നിര്‍ദ്ദേശം നല്‍കാനും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ടീസ്റ്റക്കെതിരായ ക്രിമിനല്‍ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയ സ്‌റ്റേ അടുത്ത കേസ് പരിഗണിക്കുന്ന മാര്‍ച്ച് 23 വരെ തുടരുമെന്നും ബെഞ്ച് വ്യക്തമാക്കി.

Malayalam News

Kerala News In English