ന്യൂദല്‍ഹി: എം.പിമാരുടെയും എം.എല്‍.എമാരുടെയും ആസ്തികളിലുണ്ടാകുന്ന വര്‍ധനയെക്കുറിച്ച് അന്വേഷിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. മുതിര്‍ന്ന നേതാക്കളടക്കമുള്ള 289 എം.എല്‍.എമാരുടെ സ്വത്തുവിവരം അന്വേഷിക്കാനാണ് കോടതി നിര്‍ദ്ദേശം.

ആസ്തിയില്‍ വര്‍ധനവ് ഉള്ള ജനപ്രതിനിധികളുടെ ലിസ്റ്റില്‍ എല്ലാ പാര്‍ട്ടിയിലുമുള്ള നേതാക്കളുമുണ്ട്. ചില കേസുകളില്‍ അഞ്ചു വര്‍ഷത്തിനിടയില്‍ 500% വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

ബിസിനസ് വരുമാനങ്ങളിലെ വര്‍ധനവും സ്വത്തുകളുടെ മൂല്യം കൂടുന്നതും വരുമാനവര്‍ധനവിന് കാരണമാകാമെന്നാണ് ചില എം.പി മാരുടെ നിലപാട്. എന്നാല്‍ ജസ്റ്റിസ് ചെലമേശ്വറും അബ്ദുള്‍ നസീറുമടങ്ങിയ ബെഞ്ച് വരുമാനത്തെക്കുറിച്ചും ആസ്തിവകകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.


Also Read: ‘അതെന്റെ പേരിലുള്ള് കേസ്’; ഷെഫീന്‍ ജഹാനെതിരായ കേസിലെ യഥാര്‍ത്ഥ പ്രതി താനാണെന്ന് സമ്മതിച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്, വീഡിയോ


കേന്ദ്ര നികുതി ബോര്‍ഡ് ചെയര്‍മാന് ഇത് സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിരുന്നില്ല. ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷന്‍ രാഷ്ട്രീയ നേതാക്കളുടെ സ്വത്തുവര്‍ധനയെക്കുറിച്ച് നടത്തിയ വിവരശേഖരണത്തെത്തുടര്‍ന്നാണ് നിവേദനം കൊടുത്തത്.

സ്വത്തുവിവരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്താണിത്ര താമസമെന്ന് കോടതി ചോദിച്ചു. വിലകുറഞ്ഞ വാദങ്ങള്‍ കോടതിയില്‍ നിരത്തരുതെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകനായ കെ. രാധാകൃഷ്ണനാണ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായത്.