ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്ക് സി.ഐ.എസ്.എഫ് വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. തമിഴ്‌നാടിന്റേതുള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സംരക്ഷണം നല്‍കാമെന്ന കേരളത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സുപ്രീംകോടതി തമിഴ്‌നാടിന്റെ ആവശ്യം തള്ളിയത്. പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും കാഴ്ചക്കാരായി നോക്കിനില്‍ക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

സുരക്ഷയ്ക്ക് കേന്ദ്ര സേന വേണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി അണക്കെട്ടിലും പരിസര പ്രദേശങ്ങളിലും സംസ്ഥാന പോലീസിന്റെ സുരക്ഷ മതിയെന്നാണ് വ്യക്തമാക്കിയത്. ഡാം തകര്‍ന്നാല്‍ ഏറ്റവും ദുരന്തം അനുഭവിക്കുന്നത് കേരളമാണെന്നും അതിനാല്‍ ഡാമിന് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും സുരക്ഷയ്ക്ക് കേരള പൊലീസ് പര്യാപ്തമാണെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

പോലീസിനെ വിന്യസിക്കേണ്ടതിന്റെ ചുമതല സംസ്ഥാന സര്‍ക്കാറിനാണെന്ന് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും കൂടിയാണ് തമിഴ്‌നാടിന്റെ ഹരജി സുപ്രീംകോടതി തള്ളിയത്. എന്നാല്‍, ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചകള്‍ വിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്തവും ബാധ്യതയുമുണ്ടെന്ന് സുപ്രീംകോടതി ഓര്‍മ്മപ്പെടുത്തി.

പ്രശ്‌നം ഉന്നതാധികാര സമിതിയുടെ പരിഗണനയിലുള്ളതിനാല്‍ ചര്‍ച്ച ആവശ്യമില്ലെന്ന് തമിഴ്‌നാട് അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ വാദിച്ചപ്പോള്‍, ചര്‍ച്ചയ്ക്ക് തയാറാകാത്ത തമിഴ്‌നാടിന്റെ നിലപാടിനെ സുപ്രീംകോടതി വിമര്‍ശിച്ചു. പ്രധാനമന്ത്രി വിളിച്ച ചര്‍ച്ചയെ തമിഴ്‌നാട് എന്തിനെതിര്‍ക്കുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. ഇരുസംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിമാര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണിതെന്നും കോടതി നിരീക്ഷിച്ചു.

കേരളം ഡാം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നുമായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. കേരളത്തിനുവേണ്ടി മുതര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്.

Malayalam News
Kerala News in English