Categories

ഹൂസൈനെതിരായ കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി

ന്യൂദല്‍ഹി: വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതി തള്ളി. ജമ്മു കശ്മീര്‍ പാന്തേഴ്‌സ് പാര്‍ട്ടി നേതാവ് ഭീം സിങ്ങായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നത്.

സ്വകാര്യ വ്യക്തികളുടെ ഹര്‍ജി പരിഗണിച്ചു സര്‍ക്കാരിനു നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. എം എഫ് ഹുസൈന്‍ ദോഹയില്‍ താമസിക്കുന്നതു കൊണ്ട് എന്താണു പ്രശ്‌നമെന്നും കോടതി ചോദിച്ചു.

ഹുസൈന്‍ ഇന്ത്യയിലേക്കു മടങ്ങിവരുന്നത് ആര്‍ക്കും തടയാനാകില്ല. രാജ്യത്തേക്കു മടങ്ങിവരാന്‍ ഹുസൈന് എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം തന്നെയാണു തീരുമാനമെടുക്കേണ്ടത്. അദ്ദേഹത്തിനെതിരേയുള്ള എല്ലാ കേസുകളും ഡല്‍ഹി കോടതിയുടെ പരിധിയിലേക്കു നേരത്തെ മാറ്റിയതായി സുപ്രീം കോടതി അറിയിച്ചു.

ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന പേരില്‍ ഇന്ത്യയില്‍ സംഘ് പരിവാര്‍ സംഘടനകളുടെ വിലക്കിനെ തുടര്‍ന്ന് ഹുസൈന്‍ പ്രവാസജീവിതം നയിക്കുകയാണ്. അടുത്തയിടെ അദ്ദേഹം ഖത്തര്‍ പൗരത്വം സ്വീകരിക്കുകയും ചെയ്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.