ന്യൂദല്‍ഹി: കഠ്‌വ ബലാത്സംഗകേസിലെ സാക്ഷികള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. മെയ് 17 ന് കേസിലെ തുടര്‍ വാദം പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

കഠ്‌വ കൂട്ടബലാത്സംഗ-കൊലപാതക കേസിലെ മൂന്ന് സാക്ഷികളും തങ്ങളെ ജമ്മു കാശ്മീര്‍ പൊലീസ് പീഡിപ്പിക്കുന്നതായി പരാതി നല്‍കിയിരുന്നു. തങ്ങള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് അവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, സുരക്ഷ നല്‍കണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളുകയായിരുന്നു.

ക്രൈം ബ്രാഞ്ചില്‍ നിന്ന് കേസ് മാറ്റി മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിക്ക് കൈമാറുന്നതിനോട് കോടതി വിയോജിപ്പ് അറിയിച്ചു. കേസില്‍ നേരത്തെതന്നെ പൊലീസിനും മജിസ്റ്റ്രേറ്റിനും മൊഴി നല്‍കിയതാണെന്നും എന്നാല്‍ പൊലീസ് തങ്ങളെ വീണ്ടും വീണ്ടും വിളിപ്പിക്കുകയും കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കുകയുമാണെന്നായിരുന്നു സാക്ഷികളുടെ പരാതി.


Also Read: ഗുജറാത്തില്‍ ബി.ജെ.പിക്ക് പണികൊടുത്ത ‘റിസോര്‍ട്ട് രാഷ്ട്രീയം’ കര്‍ണാടകയിലും; ചുക്കാന്‍ പിടിക്കുന്നത് അതേ ഡി.കെ ശിവകുമാറും


ജമ്മുവിനടുത്തുള്ള കഠ്‌വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ പിന്നീട് ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തുന്നത്.

കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. എട്ടുവയസുകാരിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്‌ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്. ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍, സ്പെഷ്യല്‍ പൊലീസ് ഒഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, രസനയിലെ താമസക്കാരനായ പര്‍വേശ് കുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബള്‍ തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍.

 


Watch DoolNews: