എഡിറ്റര്‍
എഡിറ്റര്‍
ബാബറി മസ്ജിദ് : അപ്പീല്‍ വൈകിയ സി.ബി.ഐക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം
എഡിറ്റര്‍
Friday 8th February 2013 12:20am

ന്യൂദല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസുകളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകിയ സി.ബി.ഐ ക്കെതിരെ സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം.

ബി.ജെ.പി, വി.എച്ച്.പി നേതാക്കള്‍ക്കെതിരെയുള്ള ഗൂഡാലോചനക്കുറ്റം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിക്കാനിരുന്ന അപ്പീല്‍  വൈകിയതാണ് വിമര്‍ശത്തിനിടയാക്കിയത്.

Ads By Google

 

റായ്ബറേലി വിചാരണകോടതി നടപടികളിലെ കാലതാമസത്തിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസില്‍ കൂടുതല്‍ സത്യവാങ്മൂലങ്ങളും രേഖകളും സമര്‍പ്പിക്കാന്‍ ഇനി അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.  കേസ് ഫിബ്രവരി 13ലേക്ക് മാറ്റിയിട്ടുണ്ട്.

ബി.ജെ.പി., വി.എച്ച്.പി. നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് രഥയാത്രയെന്നും കേസ് ദേശീയ കുറ്റകൃത്യമാണെന്നും ബി.ജെ.പി. നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ നടപടിക്കെതിരെ നല്‍കിയ സബ്മിഷനില്‍ റാവു  പരാമര്‍ശിച്ചിരുന്നു.

എന്നാല്‍ ദേശീയ കുറ്റകൃത്യമെന്നോ ദേശീയ പ്രാധാന്യമുള്ളതെന്നോ പറയരുത്. അക്കാര്യം ഞങ്ങള്‍ പരിശോധിച്ചുവരികയാണ്. സുപ്രീംകോടതിയോ വിചാരണക്കോടതിയോ അക്കാര്യം തീരുമാനിക്കുന്നതു വരെ ഈ മട്ടിലുള്ള പ്രസ്താവനകള്‍ നടത്തരുതെന്നും ജസ്റ്റിസുമാരായ എച്ച്.എല്‍. ദത്തു, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

കേസ് ദേശീയ പ്രാധാന്യമുള്ളതെന്ന് പറയുമ്പോഴും രേഖകള്‍ മൊഴിമാറ്റുന്നതിനും മറ്റും സി.ബി.ഐ. ദിവസങ്ങളെടുക്കുന്നുവെന്നും അപ്പീല്‍ നല്‍കാന്‍ മൂന്നുമാസമാണ് സി.ബി.ഐ എടുത്തതെന്നും കോടതി കുറ്റപ്പെടുത്തി.

കേസിന്റെ രേഖകള്‍ തര്‍ജമ ചെയ്യുന്നതിന് കാലതാമസമുണ്ടെന്നും നിലപാട് വ്യക്തമാക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം കോടതി അംഗീകരിച്ചില്ലെങ്കിലും  വിചാരണക്കോടതിയും ഹൈക്കോടതിയും കണക്കിലെടുത്ത രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കുകയായിരുന്നു.

ബി.ജെ.പി. നേതാക്കളായ എല്‍.കെ. അദ്വാനി, ഉമാഭാരതി, വിനയ് കട്യാര്‍, മുരളീമനോഹര്‍ ജോഷി, അന്ന് യു.പി. മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങ്, വി.എച്ച്.പി. നേതാക്കളായ അശോക് സിംഘല്‍, ഗിരിരാജ് കിഷോര്‍, എന്നിവരുള്‍പ്പെടെ ഇരുപത് പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റമാണ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയത്.
2010 മെയ് 21ലെ ഈ വിധി ചോദ്യം ചെയ്ത് സി.ബി.ഐ. സുപ്രീംകോടതിയിലെത്തിയിരുന്നു.

Advertisement