ന്യൂദല്‍ഹി: അനധികൃത ഖനനം തടയാനായി പുതിയ നിയമങ്ങള്‍ കൊണ്ട് വരാനുള്ള കര്‍ണാടക ഗവണ്‍മെന്റിന്റെ തീരുമാനങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതം പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ നീക്കത്തിനെതിരെ പരമോന്നത കോടതിയെ സമീപിച്ച ഖനന കമ്പനികളുടെ കേസ് പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിസമ്മതം പ്രകടിപ്പിച്ചത്.

വ്യാപകമായ അനധികൃത ഖനനത്തെതുടര്‍ന്ന് 2010 ജൂലൈയില്‍ ഇരുമ്പയിരിന്റെ കയറ്റുമതി കര്‍ണാടക സര്‍ക്കാര്‍ തടഞ്ഞിരുന്നു.എന്നാല്‍ ഇതിനെതിരെ സുപ്രീം കോടതിയില്‍ പോയ ഖനന കമ്പനിക്കാര്‍ അനുകൂല വിധി സമ്പാദിച്ചിരുന്നു.

തുടര്‍ന്നാണ് പുതിയനിയമ നിര്‍മ്മാണ പരിപാടികളുമായി മുന്നോട്ട് പോവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റ നയങ്ങളെ വെല്ലുവിളിച്ച് നേരത്തെപോലെ അനുകൂല വിധി സമ്പാധിക്കാമെന്നായിരുന്നു ഖനന ഭീമന്‍മാരുടെ കണക്ക് കൂട്ടല്‍.